ശബരിമലയില്‍ ആരാധിക്കപ്പെടുന്ന ശ്രീ.അയ്യപ്പന്‍ ഹിന്ദുവോ പന്തളം രാജ കുടുംബാംഗമോ ആയിരുന്നില്ലെന്ന ചരിത്ര വസ്തുതയുമായി മാതൃഭൂമി ആഴ്ച്ചപ്പതിപ്പില്‍ ശ്രീ. കെ.ചന്ദ്രഹരി ഒരു ലേഖനമെഴുതിയിരിക്കുന്നു. കേവലം ഇരുനൂറോ മുന്നൂറോ വര്‍ഷത്തെ പഴക്കം മാത്രമുള്ള ചരിത്രപുരുഷനായ ചിരപ്പന്‍ ചിറ ഈഴവതറവാട്ടിലെ കളരി അഭ്യാസിയായ അയ്യപ്പനേയും അദ്ദേഹത്തിന്റെ മുറപ്പെണ്ണായിരുന്ന ലളിതയും, അയ്യപ്പന്റെ ഉറ്റ സുഹൃത്തുക്കളായിരുന്ന വാവരെന്ന മുസ്ലീമിനേയും, വെളുത്തയെന്ന കൃസ്ത്യാനിയേയും ഉള്‍ക്കൊള്ളുന്ന ചരിത്രം തമസ്ക്കരിക്കുന്നതിന്റെ ഭാഗമായി ബ്രാഹ്മണരും,പന്തളം രാജകുടുംബവും ഉപചാപങ്ങളിലൂടെ പടച്ചുണ്ടാക്കിയ കള്ളക്കഥകളാണ് ശബരിമല ശാസ്താവിനെക്കുറിച്ച് ഇന്നു പ്രചരിച്ചിട്ടുള്ള പുലിപ്പാലുകഥയുമായുള്ള വിശ്വാസങ്ങള്‍. പന്തളം രാജ വംശത്തിന്റെ ചരിത്രത്തിലൊന്നും പരാമര്‍ശിക്കപ്പെടാത്ത അയ്യപ്പനെ രാജാവെന്ന വല വീശിയെറിഞ്ഞ് സ്വന്തം കുടുംബത്തിലേക്ക് വരവു വക്കാന്‍ ശ്രമിച്ച രാജാവിന്റേയും, അതിനായി ഐതിഹ്യങ്ങളും, പുരാണങ്ങളും, താന്ത്രിക ചടങ്ങുകളും നിര്‍മ്മിച്ച ബ്രാഹ്മണ കുടില ബുദ്ധിയേയും തിരിച്ചറിയാന്‍ സഹായിക്കുന്നു ചന്ദ്രഹരിയുടെ ലേഖനം.
കേരളം നാട്ടുകൂട്ടങ്ങള്‍ പോലുള്ള ആയിരക്കണക്കിന് തറവാടുകളുടെ ഭരണത്തിനു കീഴിലായിരുന്ന കാലത്ത് ആദിവാസി മൂപ്പനെന്ന അവകാശവും, അധികാരവും മാത്രമേ നമ്മുടെ വീരശൂര പരാക്രമികളുടെ പിന്മുറക്കാരെന്നു പറയപ്പെടുന്ന രാജാക്കന്മാര്‍ക്കുണ്ടായിരുന്നുള്ളു. കളരികള്‍ക്ക് ഉടയവരായിരുന്ന ഈഴവ തറവാട്ട് കാരണവര്‍ക്കുമുന്നില്‍ സങ്കടമവതരിപ്പിച്ച് സംരക്ഷണം നേടാനെ അന്ന് രാജാക്കന്മാര്‍ക്ക് കഴിയുമായിരുന്നുള്ളു. അങ്ങനെ ചിരപ്പന്‍ ചിറ ഈഴവ തറവാടിന്റെ സംരക്ഷണയില്‍ കഴിഞ്ഞുകൂടേണ്ടിവന്ന ഒരു പാണ്ഡ്യപാരംബര്യമുള്ള സാധാ കാട്ടു രാജാവായിരുന്നു പന്തളത്തുമുണ്ടായിരുന്നത്. കരിമലയിലെ ഉദയനന്‍ എന്നൊരു കൊള്ളക്കാരനെ ഒതുക്കാന്‍ ചീരപ്പന്‍ ചിറ കളരിയിലെ അയ്യപ്പന്‍ പുറപ്പെടുന്നത് പന്തളം രാജാവിന്റെ അപേക്ഷ മാനിച്ചാണ്. കൂടെ സഹായിയായി പന്തളം രാജാവിന്റെ പടനായകനായ കടുത്ത എന്ന നായരുമുണ്ടായിരുന്നു! സത്യത്തില്‍ ചീരപ്പന്‍ ചിറ ഈഴവ തറവാട്ടിനെയും ഈഴവ യോദ്ധാവായിരുന്ന അയ്യപ്പനേയും ഉന്മൂലനം ചെയ്യാനുള്ള ഒരു ബ്രാഹ്മണ ഗൂഢാലോചനയുടെ ഭാഗമായിരുന്നില്ലേ ഉദയന്‍ എന്ന കൊള്ളക്കാരനുമായുള്ള രണ്ടാം പടപുറപ്പാട് എന്ന് സന്ദേഹിക്കേണ്ടിയിരിക്കുന്നു.
കരിമലയിലെ ഉദയനുമായി ഒത്തുകൊണ്ട് പന്തളം രാജാവും ബ്രാഹ്മണരും അയ്യപ്പനുവേണ്ടി ഒരു കെണി ഒരുക്കിയതാകാനാണ് സാധ്യത. യുദ്ധം ജയിച്ചെങ്കിലും, ഈ കള്ളയുദ്ധത്തില്‍ അയ്യപ്പനും, അയ്യപ്പന്റെ ആത്മ സുഹൃത്തായ വാവരും(വാവരു സ്വാമി), അയ്യപ്പന്റെ മുറപ്പെണ്ണായ ലളിതയും(മാളികപ്പുറത്തമ്മ), സഹായിയായ കടുത്തയെന്ന പന്തളത്തെ നായര്‍ സൈന്യാധിപനും കൊല്ലപ്പെടുകയാണ് ചെയ്തത്. അതിന്റെ പ്രായശ്ചിത്തമായാകണം ഇവരെയെല്ലാം വീരന്മാരായി കണക്കാക്കി ആരാധിക്കപ്പെടുന്നത്. കേരളത്തിലെ അഭ്യാസികളായ ഈഴവരെ കൊന്നൊടുക്കുന്നതിനായി (ഈഴവര്‍ നശിപ്പിക്കപ്പെടേണ്ടവര്‍ (പഴഞ്ചൊല്ല്) ) ബ്രാഹ്മണരും നാട്ടു രാജാക്കന്മാരും നടപ്പാക്കിയിരുന്ന ഗൂഢപദ്ധതിയുടെ ഭാഗമായുള്ള ഒരു യുദ്ധം തന്നെയായിരിക്കണം ശബരിമലയിലും നടന്നിരിക്കുക. മലബാറിലെ തിയ്യരായ കളരി അഭ്യാസികളെ ബ്രാഹ്മണരുടെ ഹൈന്ദവ വര്‍ണ്ണവ്യവസ്ഥ അംഗീകരിക്കാത്തതിന്റെ പേരില്‍ (പുത്തൂരാം വീട്ടിലെ അരോമല്‍ ചേകവര്‍,അരിങ്ങോടര്...) കൊന്നൊടുക്കാന്‍ കുടുംബ പക ഊതിക്കത്തിക്കുന്നതിനായി പാട്ടുപാടി നടക്കുന്ന പാണന്മാരെ നാടുവാഴികള്‍ ഏര്‍പ്പാടാക്കിയിരുന്നല്ലോ. അതുപോലൊരു ഗൂഢാലോചന അയ്യപ്പനെ കൊന്ന് വീരനാക്കുന്നതിലും ബ്രാഹ്മണ്യവും, പന്തളം രാജകുടുംബവും പ്രാവര്‍ത്തികമാക്കിയിരിക്കണം.
മാതൃഭൂമി വീക്കിലിയില്‍(27.2.2011) പ്രസിദ്ധീകരിച്ച ശ്രീ.കെ.ചന്ദ്രഹരിയുടെ ലേഖനം സ്കാന്‍ ചെയ്ത് ഇവിടെ സൂക്ഷിച്ചിരിക്കുന്നു(അയ്യപ്പനെ ബ്രാഹ്മണവല്‍ക്കരിക്കാമോ?).
അവര്‍ണ്ണ ജാതിക്കാര്‍ക്ക് ക്ഷേത്രപ്രവേശനം നല്‍കുന്നതിനും നൂറ്റാണ്ടുകള്‍ക്ക് മുന്‍പ് ഈഴവ ജാതിയില്‍ പെട്ട ചീരപ്പന്‍ ചിറ തറവാട്ടു കാരണവര്‍ക്ക് ശബരിമല ക്ഷേത്രത്തിലും മാളികപ്പുറത്തമ്മയുടെ ക്ഷേത്രത്തിലും പ്രത്യേക അവകാശങ്ങള്‍ ശാസനപ്രകാരം തന്നെ ഉണ്ടായിരുന്നു! ശബരിമല ക്ഷേത്രത്തിലെ പതിനെട്ടാം പടിക്ക് ഇരുവശത്തും, മാളികപ്പുറത്തും പൊന്‍ചുരിക, പൊന്‍പാള, പൊന്‍ മോതിരം, കാപ്പ്, വീരാളിപ്പട്ട് ഇവയണിഞ്ഞ് വെടിവഴിപാട് നടത്താനുമുള്ള അവകാശം അയ്യപ്പന്‍ ജനിച്ചു വളര്‍ന്ന ചീരപ്പന്‍ ചിറ തറവാട്ടുകാര്‍ക്ക് ഉണ്ടായിരുന്നു എന്നത് ശബരിമല ക്ഷേത്രം ഈഴവ കുടുംബ വകയായിരുന്നു എന്നതിന്റെ തെളിവുകൂടിയാകുന്നു.
No comments:
Post a Comment