Tuesday, 20 May 2014

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഭരണം - രാജഭരണകാലത്തും ശേഷവും

കൊല്ലവര്‍ഷം 927 അതായത് എ.ഡി 1812 വരെ ഹിന്ദു ക്ഷേത്രങ്ങളുടെ ഭരണം അതാത് ദേവസ്വങ്ങളുടെ കീഴില്‍ ഹിന്ദുക്കള്‍ തന്നെ നടത്തിയിരുന്നു. ആ സമയത്താണ് മണ്‍റോ സായിപ്പ് റസിഡന്റായി വരുന്നത്. അന്നത്തെ "രാജ്ഞി" ലക്ഷ്മീ റാണി മൈനറായിരുന്നത് കൊണ്ട് അവരെ ഭരണകാര്യങ്ങളില്‍ സഹായിക്കാന്‍ മണ്‍റോയെ ദിവാന്‍‌ജി ആയി നിയമിച്ചു. അദേഹത്തിന്റെ ഉപദേശപ്രകാരം 378 അമ്പലങ്ങളും അവയുടെ സ്വത്തായ 65,000 ഏക്കര്‍ പുരയിടങ്ങളും 60 ലക്ഷപ്പറ നിലം ഇവയെല്ലാം കൂടി സര്‍ക്കാരിലേക്കെടുത്തു. അതിനു ശേഷം 1123 മൈനര്‍ ക്ഷേത്രങ്ങള്‍ കൂടി സര്‍ക്കാര്‍ ഏറ്റെടുത്തു.

മേല്പ്പറഞ്ഞ അമ്പലങ്ങള്‍ സര്‍ക്കാര്‍ അധീനതയില്‍ ആയതില്‍ പിന്നെ അവിടെ ശരിയായ രീതിയില്‍ പൂജകളോ കര്‍മ്മങ്ങളോ നടന്നിരുന്നില്ല. ഉടമസ്ഥന്മാര്‍ക്കു യാതൊരു അധികാരവും ഇല്ലാതായി. അവരുടെ അഭിപ്രായത്തെ അവഗണിച്ചു. ഇടിഞ്ഞു പൊളിഞ്ഞു കിടന്ന ക്ഷേത്രങ്ങള്‍ക്കായി ഒന്നും സര്‍ക്കാര്‍ ചെയ്തില്ല.ക്ഷേത്രക്കുളങ്ങള്‍ നന്നാക്കിയില്ല. പല്‍സ് ക്ഷേത്രങ്ങളും നാമാവശേഷമായി. കിഴക്കേ മലയോരത്തുണ്ടായിരുന്ന ക്ഷേത്രങ്ങളില്‍ ഭൂരിഭാഗവും മണ്ണിനടിയിലായി. അവയുടെ സ്വത്ത് മുഴുവനും അഹിന്ദുക്കളുടെ കൈവശമായി.

ഇരുപതാം നൂറ്റാണ്ട് ആയപ്പോള്‍ കൃസ്ത്യന്‍ സ്കൂളുകള്‍ക്കും മിഷണറി പ്രവര്‍ത്തനങ്ങളിക്കും ധാരാളം സഹായങ്ങള്‍ തിരുവിതാംകൂര്‍ രാജാവില്‍ നിന്നുണ്ടായി. തീര്‍ച്ചയായും അത് ബ്രിട്ടീഷുകാരെ സന്തോഷിപ്പിക്കാന്‍ തന്നെയാണ്‍. പത്മനാഭ സ്വാമിക്ഷേത്രത്തിനു സമീപം തന്നെ സ്കൂളു തുടങ്ങി.

(തിരുവിതാംകൂറില്‍) വിദേശികളായ ഒരു കൂട്ടം ബ്രാഹ്മണരുടെ വിളനിലങ്ങളായി മാറി ഈ ദേവസ്വം. നമസ്കാര ചോറും പലഹാരങ്ങളും ഉള്‍പ്പെടെ എല്ലാം കയ്യടക്കിയ, വിധിപ്രകാരം പൂജ ചെയ്യാനറിയാത്ത, മലയാളഭാഷ എഴുതുവാനും വായിക്കാനും അറിയാത്ത ഈ ബ്രാഹ്മണര്‍ ഒരു കാലത്ത് ദേവസ്വം ഉടമസ്ഥരായിരുന്ന നായന്മാരെ ദേവസ്വത്തില്‍ നിന്ന് അകറ്റി നിര്‍ത്തി. തീര്‍ത്ഥവും പ്രസാദവും പട്ടിക്ക് എച്ചില്‍ എന്ന പോലെ എറിഞ്ഞു കൊടുത്തു. (പല അമ്പലങ്ങളിലും ഇപ്പോഴും ഇങ്ങനെ തന്നെ). അബ്രാഹ്മണര്‍ക്ക് അമ്പലങ്ങളില്‍ മണി അടിക്കാന്‍ പാടില്ല, മണ്ഡപത്തില്‍ പ്രവേശിക്കാന്‍ പാടില്ല, ഊട്ടുപുരയില്‍ ചോറില്ല അങ്ങനെ നിരവധി വിലക്കുകള്‍.

മറ്റൊരു ആരോപണമാണ് ദേവസ്വം ഡിപ്പര്‍ട്ട്മെന്റിലെ ബ്രാഹ്മണമേധാവിത്വം. അവിടെയും നായന്മാര്‍ തഴയപ്പെട്ടു. ഭൂരിപക്ഷം ഉദ്യോഗസ്ഥരും ബ്രാഹ്മണന്മാരായി. ആണ്ടു തോറും 25 ലക്ഷം ചിലവു ചെയ്യുന്ന (1936-ലെ കണക്കാണ്) ദേവസ്വം ബോര്‍ഡ് ഒരു കമ്മീഷണറുടെ ഇഷ്ടത്തിനാണ് അന്നും നടന്നിരുന്നത്. ധര്‍മ്മക്കഞ്ഞിക്കു ചിലവാക്കുന്ന സംഖ്യ ശ്രീമൂലം ഷഷ്ട്യാബ്ദപൂര്‍ത്തി സ്മാരക ഹിന്ദുമഹിളാമന്ദിരത്തിനു കൊടുക്കാതെ കണ്ണമ്മൂല കൃസ്ത്യന്‍ മിഷനു കൊടുത്തു എന്നും പറയുന്നു. 1925-ല്‍ ദിവാന്‍ജിയെ ദേവസ്വം ഭരണത്തില്‍ നിന്ന് എടുത്തു കളഞ്ഞെങ്കിലും 1932 ആയപ്പോള്‍ വീണ്ടും ദിവാനു ഭരണ ചുമതല നല്‍കി. ദിവാന്‍‌ജിയുടെ ഭരണത്തില്‍ നായന്മാര്‍ക്കു എല്ലാ അധികാരങ്ങളും നഷ്ടമായി.

ഇതൊക്കെയാണ് 1936 വരെയുള്ള കാര്യങ്ങള്‍. 
അതുവരെ അവര്‍ണ്ണഹിന്ദുക്കള്‍ക്ക് ഈ ക്ഷേത്രങ്ങളില്‍ പ്രവേശനം ഇല്ലായിരുന്നു എന്നത് മറ്റൊരു കാര്യം. തര്‍ക്കങ്ങളും ഈ സവര്‍ണ്ണ മേധാവിത്വവുമൊക്കെ പറയുന്നത് നായരും അതിന് മുകളിലുള്ളവരും തമ്മില്‍ ആയിരുന്നു എന്നോര്‍ക്കുക. 1936 നവംബറിലാണ് മഹാത്മാഗാന്ധി ഉള്‍പ്പെടെയുള്ളവരുടെ സമ്മര്‍ദ്ദത്തിനും പല സമരത്തിനുമൊടുവില്‍ പ്രസിദ്ധമായ ക്ഷേത്രപ്രവേശനവിളംബരം ഉണ്ടാകുന്നത്.
വിളംബരത്തിന്റെ പൂർണ്ണരൂപം



“ശ്രീപദ്മനാഭദാസ വഞ്ചിപാല സർ രാമവർമകുലശേഖര കിരീടപതിമന്നേ സുൽത്താൻ മഹാരാജ രാമരാജ ബഹദൂർ ഷംഷെർ ജംഗ്, നൈറ്റ് ഗ്രാൻ‌ഡ് കമാൻഡർ ഓഫ് ദ് ഇന്ത്യൻ എം‌പയർ, തിരുവതാംകൂർ മഹാരാജാവു തിരുമനസ്സുകൊണ്ട് 1936-നു 12-നുക്കു ശരിയായ 1112 തുലാം 12-ന് പ്രസിദ്ധപ്പെടുത്തുന്ന വിളംബരം: 

“നമ്മുടെ മതത്തിന്റെ പരമാർത്ഥതയും സുപ്രമാണതയും ഗാഢമായി ബോദ്ധ്യപ്പെട്ടും ആയതു ദൈവികമായ അനുശാസനത്തിലും സർവവ്യാപകമായ സഹിഷ്ണുതയിലുമാണ് അടിയുറച്ചിരിക്കുന്നതെന്നു വിശ്വസിച്ചും, അതിന്റെ പ്രവർത്തനത്തിൽ അതു ശതവർഷങ്ങളായി കാലപരിവർത്തനത്തിന് അനുയോജിച്ചു പോന്നുവെന്നു ധരിച്ചും, നമ്മുടെ ഹിന്ദുപ്രജകളിൽ ആർക്കും തന്നെ അവരുടെ ജനനമോ ജാതിയോ സമുദായമോ കാരണം ഹിന്ദുമത വിശ്വാസത്തിന്റെ ശാന്തിയും സാന്ത്വനവും നിഷേധിക്കപ്പെടാൻ പാടില്ലെന്നുള്ള ഉത്കണ്ഠയാലും നാം തീരുമാനിക്കുകയും ഇതിനാൽ പ്രഖ്യാപനം ചെയ്യുകയും നിയോഗിക്കുകയും ആജ്ഞാപിക്കുകയും ചെയ്യുന്നതെന്തെന്നാൽ, സമുചിതമായ പരിതസ്ഥിതികൾ പരിരക്ഷിക്കുന്നതിനും ക്രിയാപദ്ധതികളും ആചാരങ്ങളും വച്ചുനടത്തുന്നതിനും നാം നിശ്ചിയിക്കുകയും ചുമത്തുകയും ചെയ്യാവുന്ന നിയമങ്ങൾക്കും നിബന്ധനകൾക്കും വിധേയമായി, ജനനാലോ മതവിശ്വാസത്താലോ ഹിന്ദുവായ യാതൊരാൾക്കും നമ്മുടെയും ഗവൺ‌മെന്റിന്റെയും നിയന്ത്രണത്തിലുള്ള ക്ഷേത്രങ്ങളിൽ പ്രവേശിക്കുന്നതിനോ ആരാധന നടത്തുന്നതിനോ ഇനിമേൽ യാതൊരു നിരോധനവും ഉണ്ടായിരിക്കാൻ പാടില്ലെന്നാകുന്നു”



അതിനു ശേഷം മാത്രമാണ് അവര്‍ണ്ണരെന്നു പറയപ്പെടുന്ന താഴ്ന്ന ജാതി ഹിന്ദുക്കള്‍ക്ക് ദേവസ്വം വക ക്ഷേത്രങ്ങളിലെങ്കിലും പ്രവേശിക്കാനായത്. ഇങ്ങനെയൊക്കെയാണ് പ്രജാക്ഷേമ തല്പരരായ തിരുവിതാംകൂര്‍ രാജാക്കന്മാര്‍ നായന്മാര്‍ ഉള്‍പ്പെടെയുള്ള ഹിന്ദുക്കളെ പരിപോക്ഷിപ്പിച്ചിരുന്നത്. ചുരുക്കി പറഞ്ഞാല്‍ തിരുവിതാം‌കൂര്‍ ഗവണ്മെന്റിന്റെ ഒന്നര നൂറ്റാണ്ടോളം നീളുന്ന ദേവസ്വം ഭരണം കൊണ്ട് ഹിന്ദുസമുദായം ക്ഷയിച്ചു, നാട്ടിലെ നമ്പ്പൂതിരി സമൂഹം ക്ഷയിച്ചു, പകരം പരദേശബ്രാഹ്മണര്‍ കുബേരന്മാരായി തീര്‍ന്നു.


ഇങ്ങനെ പലവിധത്തില്‍ നശിച്ചതും മണ്ണിനടിയിലായതും കഴിച്ചുള്ള, ക്ഷയിച്ച ക്ഷേത്രങ്ങള്‍ ഉള്‍പ്പെടെയുള്ള 1194 ക്ഷേത്രങ്ങളാണ് തിരുകൊച്ചി സംസ്ഥാനം രൂപം കൊണ്ടപ്പോള്‍ തിരുവിതാംകൂര്‍ കൊച്ചി ഹിന്ദു മതസ്ഥാപന ആക്റ്റ് (1950) പ്രകാരം സര്‍ക്കാര്‍ നിയന്ത്രണങ്ങളിലേക്കു വന്നതും തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡിന്റെ കീഴിലേക്ക് മാറ്റപ്പെട്ടതും. (പിന്നീട് ചില ക്ഷേത്രങ്ങള്‍ കൂടി ഇതിലേക്ക് കൂട്ടി ചേര്‍ത്തിട്ടുണ്ട്). അതായത് അന്നു വരെ തിരുവിതാംകൂര്‍ രാജവംശത്തിന്റെ നിയന്ത്രണത്തില്‍ ഉണ്ടായിരുന്ന ക്ഷേത്രങ്ങളാണ് ഇന്ത്യ എന്ന രാജ്യത്തിന് തത്വത്തില്‍ കൈമാറിയതെന്നര്‍ത്ഥം. അവയുടെ പുനരുദ്ധാരണം, റോഡ് നിര്‍മ്മാണം, അനുബന്ധ സൗകര്യങ്ങളൊരുക്കല്‍ തുടങ്ങിയ പല കാര്യങ്ങള്‍ക്കും സര്‍ക്കാര്‍ ഖജനാവിലെ പണം ചെലവായിട്ടുണ്ടെന്നതും വസ്തുതയാണ്.

ഇതൊന്നും അറിയാതെ അമ്പലങ്ങളെല്ലാം സര്‍ക്കാര്‍ കയ്യടക്കി വച്ചിരിക്കുന്നുവെന്നും വരുമാനം എല്ലാം സര്‍ക്കാര്‍ ഖജനാവിലേക്ക് പോകുന്നു എന്നും മുറവിളി കൂട്ടുന്നവര്‍ ഇതൊക്കെ മനസ്സിലാക്കിയാല്‍ നന്ന്. ഇന്ന് വരുമാനം ഉള്ള അമ്പലങ്ങള്‍ ഒന്നര നൂറ്റാണ്ടോളം കയ്യടക്കി വച്ചിരുന്നത് തിരുവിതാംകൂര്‍ രാജവശത്തിന്റെ അധീനതയിലുള്ള ദേവസ്വം ബോര്‍ഡാണ്. ആ ബോര്‍ഡ് രൂപ്പീകരിക്കുമ്പോള്‍ ഉണ്ടായിരുന്ന ഭൂസ്വത്തൊക്കെ അന്യാധീനപ്പെടാന്‍ കാരണം ബ്രിട്ടീഷുകാരാടുള്ള വിധേയത്വവും കെടുകാര്യസ്ഥതയുമാണ്.


1112 തുലാമാസത്തില്‍ (1936 നവമ്പര്‍) സര്‍ സി പി-യെ കാണാന്‍ പോയ നായര്‍ വിജിലന്‍സ് കമ്മറ്റിയോട് അദ്ദേഹം പറഞ്ഞത് ഇപ്രകാരമാണ്

"പടയാളികളായ നിങ്ങള്‍ കൂലിക്കു വേണ്ടിയല്ല, രാജ്യത്തിനും രാജാവിനും വേണ്ടിയാണ് പ്രവര്‍ത്തിക്കുന്നത്. ആത്മസം‌യമനവും ശിക്ഷണവുമുള്ള സമുദായത്തിന് രാഷ്ട്രീയമായ വിജയമുണ്ടാകും. നായന്മാര്‍ പട്ടാളങ്ങളുടെ നായകന്മാര്‍ എന്ന നിലയില്‍ സൈനീക പാരമ്പര്യമുള്ളവരാകുന്നു. ആ പാരമ്പര്യം ദ്യോതിപ്പിക്കുന്നത് രാജഭക്തിയും ജീവിതത്തില്‍ ശിക്ഷണവുമാകുന്നു. ഈ ഡപ്യുട്ടേഷന്റെ ഫലമായോ ഗവണ്മെന്റിന്റെ പ്രവൃത്തിയുടെ ഫലമായോ എന്തു സംഭവിച്ചാലും നിങ്ങള്‍ നിസഹകരണം ഭാവിക്കാതെ നിങ്ങളുടെ ഭരണാധികാരിയുടെ ഭാഗത്ത് നില്‍ക്കണമെന്നുള്ള കാര്യം വിസ്മരിക്കയില്ലെന്നു ഞാന്‍ വിശ്വസിക്കുന്നു"

അതിനു ശേഷം ഇരുപത് ദിവസത്തിനകം ക്ഷേത്രപ്രവേശനവിളംബരം ഉണ്ടാകുന്നു. അന്ന് സര്‍ സി പി പറഞ്ഞ വാക്കുകള്‍ ഇപ്പോഴും അനുസരിക്കുന്നവരാണ് തിരുവിതാംകൂറിലെ ഒരു വിഭാഗം നായര്‍ തറവാട്ടുകാര്‍. അവര്‍ക്ക് ഇപ്പോഴും പൊന്നു തമ്പുരാന്‍ കഴിഞ്ഞേ എന്തും ഉള്ളൂ.


അനുബന്ധം 1: 
മണ്‍റോ സായിപ്പിന്റെ കാലത്താണ് കല്ലടയിലെ തുരുത്ത് മിഷണറി സംഘത്തിന് വിട്ടുകൊടുക്കുകയും അത് പിന്നീട് മണ്‍‌റോ തുരുത്താകുകയും ചെയ്തത്. അതേ കാലഘട്ടത്തിലാണ് പൂഞ്ഞാര്‍ കൊട്ടാരത്തില്‍ നിന്ന് മൂന്നാര്‍ കുന്നുകള്‍ മണ്‍റോ കൈക്കലാക്കുന്നതും ടര്‍ണറും ഷാര്‍പ്പും ഒക്കെ തെയിലത്തോട്ടം ഉണ്ടാക്കുന്നതും. കണ്ണന്‍ ദേവന്‍ കമ്പനിയും സ്വാതന്ത്ര്യത്തിനു ശേഷം പിന്നീടത് ടാറ്റാ- ഫിന്‍ലേ കമ്പനിക്ക് കൈമാറിയതും അതിനു ശേഷം നടന്നതുമൊക്കെ ചരിത്രം. 1,36,600 ഏക്കര്‍ സ്ഥലം ഇന്ന് ചുരുങ്ങിയത് ഒരു പതിനായിരം കോടി രൂപ മതിപ്പു വില കാണുമെന്ന് കരുതാം. അതും പൊതുസ്വത്ത് എന്ന പരിധിയില്‍ വരേണ്ടതായിരുന്നു.

അനുബന്ധം 2: 
മറ്റു പാര്‍ട്ടികള്‍ ക്രിസ്ത്യന്‍ മിഷണറികള്‍ക്ക് അതിരു വിട്ട സഹായം ചെയ്യുന്നു എന്നു പറഞ്ഞ് കരയുകയും അതേ സമയം പൊന്നു തമ്പുരാനെ സ്രാഷ്ടാംഗം പ്രണമിക്കുകയും ചെയ്യുന്ന സംഘപരിവാര്‍ ശക്തികള്‍ ഏറ്റവും കൂടുതല്‍ കൃസ്ത്യന്‍ പ്രീണനം നടന്നത് 1812 മുതലിങ്ങോട്ട് രാജഭരണത്തിന്റെ അവസാനം വരെയാണെന്നുള്ള വസ്തുതകള്‍ മറക്കുന്നു.

അനുബന്ധം 3: 
1936-നു മുമ്പ് അധ:കൃതരായ ഹിന്ദുക്കള്‍ ജാതീയമായ വേര്‍‌തിരിവ് മൂലവും അയിത്തം പോലെയുള്ള ദുരാചാരങ്ങള്‍ മൂലവും പൊതു സമൂഹത്തില്‍ നിന്ന് തഴയപ്പെട്ടത് മുതലെടുത്ത് കൃസ്ത്യന്‍ മിഷണറിമാരും മുസ്ലിം സമുദായവും അവരെ മതം മാറ്റിയിട്ടുണ്ടെങ്കില്‍ അതിന്റെ മുഴുവന്‍ ഉത്തരവാദിത്വവും അന്നത്തെ സവര്‍ണ്ണമേധാവിത്വത്തിനും ഭരണകര്‍ത്താക്കളും തന്നെയല്ലേ?


വിവരങ്ങള്‍ക്ക് അവലംബം: ദേവസ്വം ഭരണവും ഹിന്ദുമതവും; ആറ്റുങ്ങല്‍ കെ ഗോപാലന്‍ നായര്‍ (1936-37-ല്‍ പ്രസിദ്ധീകരിച്ചത്) 
ചില വിവരങ്ങള്‍ക്ക് കടപ്പാട് : ബാബുരാജ് ഭഗവതി , അനില്‍ശ്രീ (ബ്ലോഗില്‍ നിന്ന്)
സാങ്കേതികമായി തെറ്റുണ്ടെങ്കില്‍ പറയുക. തിരുത്തുന്നതായിരിക്കും.

No comments:

Post a Comment