Friday, 23 May 2014

സംഘസമുദ്രവും നമോതരംഗവും

2015 ഒക്ടോബര്‍ മാസത്തില്‍ വിജയദശമി ആഘോഷിക്കുമ്പോള്‍ ആര്‍എസ്‌എസ്‌ 90 വര്‍ഷങ്ങള്‍ പിന്നിടുകയാണ്‌. മറ്റൊരു ദശാബ്ദംകൂടി കഴിയുമ്പോള്‍ സംഘത്തിന്റെ ശതാബ്ദിയാണ്‌. സ്വയംസേവകര്‍ നാല്‌ തലമുറകള്‍ പിന്നിട്ടു. ആറാമത്തെ സര്‍സംഘചാലകാണ്‌ ഇന്ന്‌ ആര്‍എസ്‌എസിനെ നയിക്കുന്നത്‌. ഈ സന്ദര്‍ഭത്തില്‍ സംഘസ്ഥാപകനായ ഡോക്ടര്‍ ഹെഡ്ഗേവാറിന്റെ വാക്കുകള്‍ നാം അനുസ്മരിക്കേണ്ടതാണ്‌. അദ്ദേഹം പറയാറുണ്ടായിരുന്നു, “സംഘത്തിന്റെ രജതജൂബിലിയും സുവര്‍ണ്ണ ജൂബിലിയും ഡയമണ്ട്‌ ജൂബിലിയും ശതാബ്ദിയും ഒന്നും ആഘോഷിക്കണമെന്ന്‌ എനിക്ക്‌ ആഗ്രഹമില്ല. എത്രയും വേഗം സംഘം അതിന്റെ ജന്മദൗത്യം പൂര്‍ത്തിയാക്കി ഹിന്ദുസമാജത്തില്‍ ലയിച്ച്‌ കാണാനാണ്‌ എന്റെ ആഗ്രഹം” എന്ന്‌. സംഘവും സമാജവും ഒന്നായിത്തീരണം. സംഘടിതവും ബലിഷ്ഠവുമായ ഹിന്ദുസമാജം നിലവില്‍ വരണം. സംഘം വേറിട്ട്‌ നില്‍ക്കേണ്ട ആവശ്യം ഇല്ലാതായിത്തീരണം. സംഘസ്ഥാപകന്റെ സങ്കല്‍പം എത്രകണ്ട്‌ വിജയിച്ചു, അഥവാ വിജയത്തോടടുത്തു എന്ന്‌ നാം ആലോചിക്കേണ്ട സമയമാണ്‌.

വലിയൊരളവുവരെ നാം ആ ലക്ഷ്യത്തോട്‌ അടുത്തുകൊണ്ടിരിക്കുകയാണ്‌ എന്നതിന്‌ സംശയമില്ല. അഭൂതപൂര്‍വ്വമായ ചരിത്രവിജയത്തോടെ സംഘസ്വയംസേവകര്‍ ഭാരതത്തിന്റെ ഭരണസാരഥ്യം ഏറ്റെടുക്കാന്‍ പോകുന്ന ശുഭമുഹൂര്‍ത്തമാണിത്‌. അക്ഷരാര്‍ത്ഥത്തില്‍ തന്നെ കന്യാകുമാരി മുതല്‍ കാശ്മീര്‍ വരെയും ദ്വാരക മുതല്‍ മേഘാലയം വരെയും ഭാരതം കാവിയില്‍ കുളിച്ചുനില്‍ക്കുന്ന ധന്യമുഹൂര്‍ത്തം. തീര്‍ച്ചയായും സ്വയംസേവകര്‍ക്ക്‌ ആഹ്ലാദിക്കാനും അഭിമാനിക്കാനും അവകാശമുണ്ട്‌. എന്നാല്‍ അമിതമായ ആഹ്ലാദം നല്ലതല്ല. അപകടകരമാണ്‌. പരാജയത്തിന്‌ അതിന്റെതായ പ്രശ്നങ്ങള്‍ ഉള്ളതുപോലെ വിജയത്തിനും ധാരാളം പ്രശ്നങ്ങള്‍ സൃഷ്ടിക്കാന്‍ കഴിയും. പരാജയം അനാഥമാണെന്ന്‌ പറയും. അതിന്റെ ഉത്തരവാദിത്വമേറ്റെടുക്കാന്‍ ആരും മുന്നോട്ടുവരുകയില്ല, മറ്റുള്ളവരുടെമേല്‍ കെട്ടിവയ്ക്കാന്‍ ശ്രമിക്കുകയും ചെയ്യും. എന്നാല്‍ വിജയത്തിന്‌ അനവധി അവകാശികളുണ്ടാവും.

എല്ലാ പരിവാര്‍ പ്രസ്ഥാനങ്ങളും ചേര്‍ന്ന്‌ ആര്‍എസ്‌എസിന്റെ ആഹ്വാനപ്രകാരം ഈ പൊതുതെരഞ്ഞെടുപ്പില്‍ ആസുരികശക്തികള്‍ക്കെതിരെ പോരാടി ചരിത്രവിജയം കൈവരിച്ചു. ഈ വിജയം അഭിമാനാര്‍ഹമാണ്‌. ഇതിനുവേണ്ടി പ്രയത്നിച്ച ഓരോരുത്തര്‍ക്കും അഭിമാനിക്കാന്‍ അവകാശമുണ്ട്‌. അതേസമയം യഥാര്‍ത്ഥത്തില്‍ വിജയം നേടിയത്‌ നമ്മുടെയെല്ലാം ആത്മബലമായ സംഘത്തിന്റെ സജീവസാന്നിധ്യംകൊണ്ടാണ്‌ എന്ന്‌ നാം മറക്കരുത്‌. ബിജെപിയായാലും വിശ്വഹിന്ദുപരിഷത്തായാലും മറ്റേത്‌ വിവിധക്ഷേത്രസംഘടനയായാലും അവര്‍ തങ്ങളുടേതായ പങ്ക്‌ വഹിച്ചു. സംഘം നേരിട്ട്‌ സാരഥ്യമേറ്റെടുത്തു. ഇതിനുമുമ്പ്‌ ഒരിക്കല്‍ മാത്രമേ സംഘം ഇങ്ങനെ ചെയ്തിട്ടുള്ളൂ. അടിയന്തരാവസ്ഥയുടെ കാളരാത്രി അവസാനിപ്പിക്കാനുള്ള ധര്‍മ്മസമരത്തില്‍. ആ ദൗത്യം വിജയിപ്പിച്ചതിനുശേഷം സംഘവും വിവിധക്ഷേത്രങ്ങളും അവരുടെ കര്‍മ്മമണ്ഡലങ്ങളിലേക്ക്‌ തിരിച്ചു പോയി. ഓരോന്നും കൂടുതല്‍ ശക്തിപ്പെടാന്‍ വേണ്ടി പ്രയത്നിച്ചു. അതിന്റെയൊക്കെ പരിണതഫലമാണ്‌ ഇപ്രാവശ്യത്തെ ചരിത്രവിജയം. ഇനി എന്താണ്‌ നാം ചെയ്യേണ്ടത്‌? ഒരു കൂട്ടുകുടുംബത്തിന്റെ ഏതെങ്കിലും ശാഖയില്‍ വിവാഹമോ അതുപോലുള്ള മറ്റ്‌ മംഗളകര്‍മ്മമോ നടക്കാനിരിക്കുമ്പോള്‍ എല്ലാവരും അവിടെ ഓടിയെത്തും സഹായിക്കും സഹകരിക്കും. ഉത്സാഹപൂര്‍ണ്ണമായി പ്രവര്‍ത്തിച്ച്‌ വിജയിപ്പിക്കും. ഗംഭീരമായി സദ്യനടത്തും. അത്രയും കഴിഞ്ഞാല്‍ ഓരോരുത്തരും അവരവരുടെ കുടുംബങ്ങളിലേക്ക്‌ മടങ്ങിപ്പോകും. വീണ്ടും അവിടെ തങ്ങുകയില്ല. ഓരോരുത്തരും അവരുടെ കുടുംബകാര്യങ്ങള്‍ ഭംഗിയായി നടത്തുന്നതില്‍ മുഴുകും. ഇവിടെയും അതാണ്‌ സംഭവിച്ചത്‌. സംഘത്തറവാട്ടിലെ ഒരു കുടുംബത്തില്‍ – ബിജെപിയില്‍- ജനാധിപത്യമഹോത്സവം കൊണ്ടാടുകയായിരുന്നു. എല്ലാ ശാഖയില്‍പെട്ടവരും സംഘപരിവാര്‍ മുഴുവനും അത്‌ വിജയിപ്പിക്കുവാന്‍ ഒരുമിച്ച്‌ സംഘത്തിന്റെ നിര്‍ദ്ദേശമനുസരിച്ച്‌ അതില്‍ പങ്കുചേര്‍ന്നു. ഉത്സവം ഗംഭീരമായി വിജയിപ്പിച്ചു. ഇനി ഓരോരുത്തരും അവരവരുടെ കുടുംബങ്ങളിലേക്ക്‌ മടങ്ങിപ്പോകണം.

ദേശവ്യാപകമായി ഉണ്ടായ ഈ മഹാപരിവര്‍ത്തനത്തില്‍ കേരളത്തിന്‌ അര്‍ത്ഥവത്തായ പങ്കുവഹിക്കാന്‍ ആയില്ല എന്ന സത്യം അവശേഷിക്കുന്നു. മോദിതരംഗം ഒരു സുനാമിപോലെ പടര്‍ന്നുപിടിച്ചപ്പോഴും കേരളത്തില്‍ അതിന്റെ സ്വാധീനം ഒരു മണ്ഡലത്തില്‍ പോലും നമ്മെ വിജയത്തിലേക്കാനയിച്ചില്ല. അടിയന്തരാവസ്ഥകഴിഞ്ഞ്‌ നടന്ന തെരഞ്ഞെടുപ്പില്‍ ജനാതാപാര്‍ട്ടി വന്‍വിജയം നേടിയപ്പോഴും കേരളം ഒറ്റപ്പെട്ടുനിന്നതേ ഉള്ളൂ. എന്താണ്‌ ദേശീയധാരയില്‍നിന്നുള്ള കേരളത്തിന്റെ ഈ രാഷ്ട്രീയമായ ഒറ്റപ്പെടലിന്‌ കാരണമെന്ന്‌ നാം കൂട്ടായി ചിന്തിക്കണം. അതേസമയം, വ്യക്തമായ മറ്റൊരു കാര്യം നാം പലപ്പോഴും അവഗണിക്കാറുള്ളത്‌ പാര്‍ലമെന്റിലേക്കുള്ള വഴി പഞ്ചായത്തുകളിലും നഗരസഭകളിലും കൂടിയാണ്‌ എന്ന മൗലിക യാഥാര്‍ത്ഥ്യമാണ്‌. കേരളത്തെപ്പോലെ ഇത്രയധികം ശക്തവും വ്യാപകവുമായ സംഘശാഖകളും പരിവാര്‍സംഘടനകളും ഉണ്ടായിട്ടും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ നമുക്ക്‌ മതിയായ പ്രാതിനിധ്യമില്ല. എല്ലാവരുടേയും സഹകരണമാവശ്യമാണെങ്കിലും രാഷ്ട്രീയരംഗത്ത്‌ പ്രവര്‍ത്തിക്കുന്ന പ്രസ്ഥാനത്തിന്റെ ബാധ്യതയും ചുമതലയുമാണ്‌ പഞ്ചായത്തുതലം മുതലുള്ള പ്രവര്‍ത്തനം ശക്തിപ്പെടുത്തേണ്ടത്‌. ജനകീയപ്രശ്നങ്ങള്‍ ഏറ്റെടുത്ത്‌ പരിഹരിക്കേണ്ടത്‌. ബന്ധപ്പെട്ടകക്ഷികള്‍ അടിയന്തരമായി ഏറ്റെടുത്ത്‌ വിജയിപ്പിക്കേണ്ട മേഖലയാണത്‌. ഈ ലോക്സഭാ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരത്തെ നാല്‌ അസംബ്ലി മണ്ഡലങ്ങളില്‍ നമുക്ക്‌ ഭൂരിപക്ഷം നേടാനായി. നഗരസഭയില്‍ ഏറെക്കുറെ പൂര്‍ണ്ണവിജയമായിരുന്നു. മറ്റുപല ലോക്സഭാ മണ്ഡലങ്ങളിലും റിക്കോര്‍ഡ്‌ വോട്ടുകള്‍ നേടാന്‍ പ്രബലരായ നമ്മുടെ സ്ഥാനാര്‍ത്ഥികള്‍ക്ക്‌ കഴിഞ്ഞു എന്നത്‌ അഭിമാനകരമാണ്‌.

നമുക്ക്‌ അനുകൂലമായ മറ്റൊരു സാഹചര്യമുള്ളത്‌ കേരളത്തിലെ രാഷ്ട്രീയ ധ്രുവീകരണത്തില്‍ ഒരു ധ്രുവമായി നിന്നിരുന്നത്‌ മാര്‍ക്സിസ്റ്റു പാര്‍ട്ടിയായിരുന്നു എന്നതാണ്‌. ഈ തെരഞ്ഞെടുപ്പ്‌ കേരളത്തില്‍ അവരെ രണ്ടാം സ്ഥാനത്തേക്ക്‌ തള്ളി, ബംഗാളില്‍ നാമമാത്രമായി, ദേശീയതലത്തില്‍ ഏറെക്കുറെ നാമാവശേഷമായി. കേരളത്തിലെ ഇടതുപക്ഷത്തിന്റെ തകര്‍ച്ച ദേശീയശക്തികള്‍ക്ക്‌ വേരുറപ്പിക്കാനുള്ള സാഹചര്യമാണ്‌. ദേശീയതലത്തിലുണ്ടായിട്ടുള്ള ആവേശകരമായ ശക്തിപ്രഭാവം പൂര്‍ണ്ണമായി പ്രയോജനപ്പെടുത്തി കേരളത്തിലും അതുറപ്പിക്കാനും ദേശീയമുഖ്യധാരയില്‍നിന്ന്‌ ഒറ്റപ്പെട്ടുനില്‍ക്കുന്ന സംസ്ഥാനമാണ്‌ കേരളമെന്ന ദുഷ്പ്പേര്‌ ഇല്ലാതാക്കാനും ഇത്രയും അനുകൂലമായ മറ്റൊരു സാഹചര്യം ഉണ്ടാവാനില്ല.

ജാതിക്കും മതത്തിനും രാഷ്ടീയത്തിനും ഉപരിയായി എല്ലാവിഭാഗങ്ങളിലുംപെട്ട പ്രബുദ്ധരായ ആളുകള്‍ പ്രതീക്ഷയോടെ നമ്മെ വീക്ഷിക്കുന്ന കാലമാണിത്‌. നമ്മുടെ വീക്ഷണത്തിലും കാലാനുരൂപവും രാഷ്ട്രക്ഷേമകരവുമായ ക്രമപ്പെടുത്തല്‍ ഈ സമയത്ത്‌ ആവശ്യമാണ്‌. ആരും നമ്മുടെ ശത്രുക്കളല്ല. സംശയത്തോടെ അകന്നുനില്‍ക്കുന്നവരുണ്ടാവാം. അവരേയും സംഘപ്രവാഹത്തിലും ദേശീയധാരയിലും അണിചേര്‍ക്കുവാനുള്ള ഹൃദയവിശാലത നമ്മുടെ ഭാഗത്തുനിന്നും ഉണ്ടാവണം. കരുതല്‍ കൈവെടിയണമെന്നല്ല, അകല്‍ച്ച കുറയ്ക്കാന്‍ ശ്രമിക്കണം.

പക്ഷെ നമ്മുടെ അന്തിമലക്ഷ്യം രാഷ്ട്രീയാധികാരം കരസ്ഥമാക്കുക എന്നതല്ല. രാഷ്ട്രത്തിന്റെ പരംവൈഭവമാണ്‌ സംഘത്തിന്റെ ദൗത്യം. അധികാരം അതിലേക്കുള്ള ഒരു പടി മാത്രമാണ്‌. അടല്‍ ബിഹാരി വാജ്പേയ്‌യുടെ പ്രസിദ്ധമായ ഒരു കവിതാശകലം നാമോര്‍മിക്കുന്നത്‌ നന്നായിരിക്കും.

പഥ്‌ കാ അന്തിമ്‌ ലക്ഷ്യ നഹീ ഹേ
സിംഹാസന്‌ പര്‍ ഛഡതേ ജാനാ?

സിംഹാസനത്തില്‍ കയറി ഇരിപ്പുറപ്പിക്കുക എന്നുള്ളതല്ല നമ്മുടെ യാത്രയുടെ ലക്ഷ്യം. സമഗ്രമായ സമാജപരിവര്‍ത്തനത്തിലൂടെ മാത്രമേ പരംവൈഭവം നേടാനാവൂ. സംഘവും പരിവാര്‍ സംഘടനകളും ചേര്‍ന്ന്‌ ഈ ലക്ഷ്യംമുന്നില്‍ വച്ചുകൊണ്ട്‌ നിരന്തരമായി പ്രവര്‍ത്തിച്ചു മുന്നേറണം. സമഗ്രമായ സമാജപരിവര്‍ത്തനം സാക്ഷാത്കരിക്കപ്പെടുന്നത്‌ സമാജവും സംഘവും സമവ്യാപകമാവുമ്പോഴാണ്‌. ഇപ്പോഴത്തെ സര്‍സംഘചാലക്‌ സംഭാഷണമധ്യേ ഒരിക്കല്‍ – അന്നദ്ദേഹം സര്‍ക്കാര്യവാഹായിരുന്നു- പറയുകയുണ്ടായി. ഒരു തലമുറ നിരന്തരമായി പ്രവര്‍ത്തിച്ചാല്‍ മാത്രമേ നാം ഉദ്ദേശിക്കുന്ന സമാജപരിവര്‍ത്തനം സാക്ഷാത്കരിക്കാനാവൂ. ഇപ്പോള്‍ സംഭവിച്ചിട്ടുള്ള ചരിത്രവിജയത്തില്‍ ആഹ്ലാദിക്കാമെങ്കിലും അതിന്റെ ലഹരിയില്‍ പരംവൈഭവമെന്ന നമ്മുടെ ലക്ഷ്യം വിജയശാലിനിയായ സംഘപദ്ധതിയില്‍ക്കൂടി സാധിച്ചെടുക്കുക എന്ന ദൗത്യത്തില്‍ നിന്ന്‌ ഒരിക്കലും നമ്മുടെ ശ്രദ്ധ വ്യതിചലിച്ചുകൂടാ.

ഐതിഹാസികവും അപ്രതീക്ഷിതവുമായ വിജയം ഭാരതത്തെ ഒരു കൊടുംവിപത്തില്‍നിന്നും രക്ഷിച്ചു. “ഭാരതം മരിക്കുകയില്ല” എന്ന്‌ സ്വാമി വിവേകാനന്ദന്‍ പ്രവചിച്ചിരുന്നു. ഭാരതത്തിന്റെയും ലോകത്തിന്റെയും നിയതിയെ നിര്‍ണ്ണയിക്കുന്ന ജഗദീശ്വരന്‍ എല്ലാ ആപത്ഘട്ടങ്ങളിലും ഭാരതത്തിനുവണ്ട ഊര്‍ജ്ജം പ്രദാനം ചെയ്തിട്ടുണ്ട്‌. അതാണ്‌ ഇത്തവണയും സംഭവിച്ചത്‌. അവഗണിക്കാനാവാത്ത ഒരു വന്‍ശക്തി ഭാരതത്തില്‍ അധികാരത്തിലേറുന്നു എന്ന്‌ കണ്ടപ്പോള്‍ അമേരിക്കയും ചൈനയും പാകിസ്ഥാനും ബ്രിട്ടനും ശ്രീലങ്കയും എല്ലാം അഭിനന്ദനസന്ദേശവുമായി നരേന്ദ്രമോദിയെ സ്വാഗതം ചെയ്തിരിക്കുന്നു എന്നത്‌ ഇതിന്റെ തെളിവാണ്‌. ദുര്‍ബലമായിരുന്ന ഭാരതത്തെ ലോകം പുച്ഛിച്ചുതള്ളിയിരുന്നു. ഇപ്പോള്‍ അതേ ലോകം ഭാരതത്തിന്റെ നേര്‍ക്ക്‌ അഭിവാദനങ്ങളും ആശംസകളും അര്‍പ്പിക്കുകയാണ്‌.

ലോകരാഷ്ട്രങ്ങളുടെ സമീപനത്തില്‍ മാറ്റം വന്നത്‌ ശക്തമായ ഒരു ഭരണകൂടം ഇവിടെ നിലവില്‍വരുന്നു എന്നതുകൊണ്ടാണ്‌. ദുര്‍ബലന്‍ ഇന്നത്തെ ലോകക്രമത്തില്‍ സഹതാപംപോലും അര്‍ഹിക്കുന്നില്ല. അതാണ്‌ കഴിഞ്ഞ ഏതാനും വര്‍ഷമായി ചൈനയുടേയും പാകിസ്താന്റെയും ഒക്കെ നമ്മോടുള്ള പെരുമാറ്റത്തിലൂടെ പ്രകടമായത്‌. വേണ്ടത്‌ സുശീലത്തോടൊപ്പം അജയ്യമായ ശക്തിയും കൂടിയാണ്‌. ഒരു രാഷ്ട്രമെന്ന നിലയ്ക്ക്‌ അകത്തും പുറത്തും വിട്ടുവീഴ്ചയിലും പ്രീണനത്തിലും കൂടി അംഗീകാരം നേടാനാവുമെന്ന്‌ നാം വ്യാമോഹിച്ചു. സ്വാഭാവികമായും ആ നയം പരാജയപ്പെട്ടു. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യരാഷ്ട്രം ഏറ്റവും ശക്തമായ രാഷ്ട്രവും കൂടിയായിരിക്കുമെന്ന്‌ ലോകം പ്രതീക്ഷിക്കുന്നു.

സുനാമി എന്നുതന്നെ വിശേഷിപ്പിക്കാവുന്ന ഒരു മഹാതരംഗം ഭാരതത്തിലുടനീളം ആഞ്ഞടിച്ചതിന്റെ ഫലമാണ്‌ ഈ ചരിത്രവിജയം. ഇതേക്കുറിച്ച്‌ വ്യത്യസ്ത വ്യാഖ്യാനങ്ങളുണ്ട്‌. ഇത്‌ മോദി തരംഗമാണെന്ന്‌ പരക്കെ പറയപ്പെടുന്നു. മുരളീമനോഹര്‍ ജോഷിയെപ്പോലുള്ളവര്‍ ഇത്‌ ബിജെപി തരംഗമാണെന്നും അതിന്റെ മുകളില്‍ കയറി വിജയക്കൊടി പറപ്പിക്കുന്നത്‌ മോദിയാണെന്നും അഭിപ്രായപ്പെടുന്നു. രണ്ടും ഓരോതരത്തില്‍ സത്യം തന്നെയാണ്‌. പക്ഷെ മൗലികമായ സത്യം എന്തെന്ന്‌ അല്‍പംകൂടി ആഴത്തില്‍ പഠിക്കേണ്ടതാണ്‌. സുനാമിയായാലും തരംഗമായാലും അത്‌ ഉത്ഭവിക്കുന്നതും വ്യാപിക്കുന്നതും അവയ്ക്കാധാരമായി ഒരു മഹാസമുദ്രമുള്ളതുകൊണ്ടാണ്‌. കാറ്റ്‌ ആഞ്ഞടിക്കുമ്പോള്‍ കടലില്‍ തിരകള്‍ ഉയരും. കൊടുങ്കാറ്റാണെങ്കില്‍ സുനാമിയുമാകാം. ഈ തരംഗത്തിന്റെ അടിയില്‍ അതിനാധാരമായ സമുദ്രം യഥാര്‍ത്ഥത്തില്‍ ആര്‍എസ്സ്‌എസ്സാണ്‌. എല്ലാ വിവിധക്ഷേത്രങ്ങളും സംഘമാകുന്ന മഹാസമുദ്രത്തിലെ തരംഗങ്ങളാണ്‌. ബിജെപിയും അവയിലൊന്നാണ്‌. അതിന്‌ മീതെ ആഞ്ഞുവീശിയ കാറ്റാണ്‌ മോദിയുടെ പ്രഭാവം. ഇതെല്ലാം ചേര്‍ന്നപ്പോള്‍ രാജ്യത്തെ ആകമാനം പിടിച്ചുകുലുക്കിയ മഹാതരംഗമുണ്ടായി. അടിസ്ഥാനം സമുദ്രമാണ്‌. ശ്രീനാരായണഗുരുദേവന്റെ ദൈവദശകത്തിലെ രണ്ട്‌ ശ്ലോകങ്ങളാണ്‌ ഇവിടെ ഓര്‍മ്മവരുന്നത്‌.

ആഴിയും തിരയും കാറ്റും-
ആഴവുംപോലെ ഞങ്ങളും
മായയും നിന്‍മഹിമയും
നീയുമെന്നുള്ളിലാകണം

ആഴിയും തിരയും കാറ്റും ആഴവും പോലെ എന്ന വാക്കുകള്‍ ഇവിടെ അനുസ്മരിക്കാവുന്നതാണ്‌. അതുകൊണ്ടുതന്നെ ദശകത്തിലെ അവസാന ശ്ലോകവും ഇവിടെ പ്രസക്തമാവുന്നു.

ആഴമേറും നിന്‍മഹസ്സാ-
മാഴിയില്‍ ഞങ്ങളാകവേ
ആഴണം വാഴണം നിത്യം
വാഴണം വാഴണം സുഖം

സംഘമാകുന്ന സമുദ്രവും അതിലെ തരംഗവും എല്ലാം നമ്മുടെ ഉള്ളിലേക്ക്‌ നാം ആവാഹിച്ചെടുക്കണം. ഓരോ സ്വയംസേവകന്റെയും ഉളളില്‍ സംഘമുണ്ടാവണം. ഒരാള്‍ സംഘത്തിലുണ്ടായതുകൊണ്ട്‌ മാത്രം സംഘം അയാളുടെ ഉള്ളില്‍ വേരുറപ്പിച്ചു എന്നര്‍ത്ഥമില്ല. സംഘസന്ദേശം പൂര്‍ണ്ണമായി ഉള്‍ക്കൊണ്ടുകൊണ്ട്‌ അതിനെ ജീവിതത്തിന്റെ ഓരോ നിമിഷത്തിലും പ്രവൃത്തിയിലും സ്വാംശീകരിച്ചുകൊണ്ട്‌ മുന്നോട്ട്‌ പോകുമ്പോള്‍ മാത്രമേ ജീവിതം സംഘമയമായി എന്ന്‌ പറയാന്‍ പറ്റൂ. ഓരോ സ്വയംസേവകനും ആത്മപരിശോധന നടത്തേണ്ട കാര്യമാണിത്‌.

സംഘത്തിനകത്തുള്ളവര്‍ സംഘത്തെ ആഴത്തില്‍ അറിയുകയും അറിഞ്ഞിട്ടും പുറത്തുനില്‍ക്കുന്നവര്‍ സംഘത്തില്‍ വരുകയും ചെയ്യുമ്പോള്‍ അത്‌ സംഘവളര്‍ച്ചയെ പൂര്‍വ്വാധികം ത്വരിതപ്പെടുത്തും. സംഘവും സമാജവും സമവ്യാപ്തമാകുവാന്‍ അത്‌ വഴിതെളിക്കും. സംഘത്തിന്റെ സംഘടിതസ്വഭാവവും ദേശാഭിമാനവും രാഷ്ട്രഭക്തിയും കര്‍മ്മധീരതയും പ്രതിരോധശക്തിയും സമാജത്തിന്റെ സ്വാഭാവികഗുണമായി മാറും. അതുതന്നെയാണ്‌ രാഷ്ട്രത്തെ പരംവൈഭവത്തിലേക്കു നയിക്കുക എന്ന ലക്ഷ്യത്തിലേക്കുളള മാര്‍ഗം. സംഘസ്ഥാപകന്റെ ദൗത്യം പൂര്‍ത്തിയാക്കപ്പെടുന്നതും അതിലൂടെയാണ്‌. മഹത്തായ ആ ലക്ഷ്യത്തിലേക്ക്‌ മുന്നേറാനുള്ള കവാടത്തില്‍ എത്തി നില്‍ക്കുകയാണ്‌ നാം.

പി. പരമേശ്വരന്‍ (തിരുവനന്തപുരം പൂജപ്പുര മൈതാനിയില്‍ നടന്ന ആര്‍എസ്‌എസ്‌ മഹാനഗര്‍ സാംഘിക്കില്‍ നടത്തിയ പ്രഭാഷണം.)

No comments:

Post a Comment