ഏറ്റവും കൂടുതല്‍ തെറ്റിദ്ധരിക്കപ്പെട്ട ഒരു വിഷയം ആണ് ഇത്. സനാതന ധര്‍മ്മത്തില്‍ ബഹു ദൈവങ്ങള്‍ എന്നല്ല ബഹു എന്ന ഒന്നും തന്നെ ഇല്ല. ഈശ്വരന്‍ എല്ലാറ്റിന്റെയും ഉള്ളിലോ എല്ലാം ഈശ്വരന് ഉള്ളിലോ അല്ല, ഉപനിഷത്ത് ഉദ്ഘോഷിക്കുന്നത് 'ഈശാവാസം ഇദം സര്‍വം' എന്നാണു- എല്ലാം ഈശ്വരന്‍. അതില്‍ നിന്നും അന്യം ആയി ഒന്നും ഇല്ല. അതുകൊണ്ട് അതിനെ നിശ്ചല ബ്രഹ്മം എന്ന് പറയുന്നു. എല്ലായിടത്തും നിറഞ്ഞു നില്‍ക്കുന്ന (വിരാട് രൂപം) ഒന്നിന് എങ്ങനെ ചലിക്കാനാകും, എങ്ങോട്ട് ചലിക്കും. അത് അവിനാശിയാണ്. കാരണം നശിച്ചാലും രൂപമാറ്റം മാത്രമേ വരുന്നുള്ളൂ. ഏതു രൂപത്തിലിരിക്കുന്നതും അത് തന്നെ ആണ്. അതല്ലാതെ മറ്റൊന്നും ഇല്ല എങ്കില്‍ എങ്ങനെ നശിക്കാനാണ്. ആ സനാതന ധര്‍മ്മത്തില്‍ അത് കൊണ്ട് തന്നെ ഭയത്തിനോ വിദ്വേഷത്തിനോ സ്ഥാനമില്ല.
യസ്മിന്‍ സര്‍വാണി ഭൂതാനി
ആത്മൈവാഭുദ് വിജാനതഃ
തത്ര കോ മോഹ കഃ ശോകഃ
ഏകത്വം അനുപശ്യതഃ
ഏതൊരു പൂര്‍ണ ജ്ഞാനിക്കു ഇവിടെ എല്ലാ പ്രപഞ്ച ഘടകങ്ങളും ബോധാസ്വരുപമായ ആത്മാവ് തന്നെ എന്ന് ഉറപ്പു വരുന്നുവോ അയാള്‍ക്ക് പിന്നെ എന്ത് മോഹം എന്ത് ശോകം.
യസ്തു സര്‍വ്വാണി ഭൂതാനി
ആത്മന്യേവാനു പശ്യതി
സര്‍വ ഭൂതേഷു ചാത്മാനം
തതോ ന വിജുഗുപ്സതേ
ഏതു സത്യ ദര്‍ശിയാണോ എല്ലാ പ്രപഞ്ച ഘടകങ്ങളെയും ബോധരൂപമായ ആത്മാവില്‍ തന്നെ തുടര്‍ന്ന് കണ്ടുകൊണ്ടിരിക്കുന്നത് അതുപോലെ എല്ലാ പ്രപഞ്ച ദ്ര്യശ്യങ്ങളിലും അഖണ്ടബോധരൂപമായ ആത്മാവിനെയും തുടര്‍ന്ന് കണ്ടുകൊണ്ടിരിക്കുന്നത് ആ സത്യദര്‍ശനത്തിന്റെ ഫലമായി അദ്ദേഹം ഒന്നിനെയും വെറുക്കാന്‍ ഇടവരുന്നില്ല. എല്ലാറ്റിന്റെയും സുഖം ആണ് അവൻ ആഗ്രഹിക്കുന്നത് .
ലോകാ സമസ്താ സുഖിനോ ഭവന്തു.
അപ്പോൾ പിന്നെ വിഷ്ണുവെന്നും ശിവനെന്നും ഒക്കെയുള്ള ആരാധനകളോ? അതൊക്കെ മനസ്സിന്റെ ധ്യാനത്തിനുള്ള ഉപാധികൾ. അതിനു വേണ്ടി അമ്പലങ്ങളിൽ പോകാനോ വീട്ടില് വച്ച് ധ്യാനിക്കണോ ഒക്കെയുള്ള സ്വാതന്ത്ര്യം ഉണ്ട്. അത്തരം ഉപാധികളിലൂടെ ഏകവും അദ്വിതീയവും ആയ പരബ്രഹ്മാനുഭൂതി ലഭിച്ചു കഴിഞ്ഞാൽ പിന്നെ യാതൊരു വിധ ഉപാധികളുടെയോ മഹത് ഗ്രൻഥങ്ങലുടെയോ ആവശ്യം ഇല്ല. അങ്ങനെയുള്ള ആ ബ്രഹ്മം മാത്രമാണ് സത്യം എന്നാണു സനാതന ധര്മ്മം എല്ലാ ഉപനിഷ്ദ്കളിലൂടെയും ഇതിഹാസങ്ങളിലൂടെയും സ്ഥാപിക്കുന്നത് .
No comments:
Post a Comment