Wednesday, 28 May 2014

ഹിന്ദു മതവും ഏക ദൈവവും

ഏറ്റവും കൂടുതല്‍ തെറ്റിദ്ധരിക്കപ്പെട്ട ഒരു വിഷയം ആണ് ഇത്. സനാതന ധര്‍മ്മത്തില്‍ ബഹു ദൈവങ്ങള്‍ എന്നല്ല ബഹു എന്ന ഒന്നും തന്നെ ഇല്ല. ഈശ്വരന്‍ എല്ലാറ്റിന്റെയും ഉള്ളിലോ എല്ലാം ഈശ്വരന് ഉള്ളിലോ അല്ല, ഉപനിഷത്ത് ഉദ്ഘോഷിക്കുന്നത് 'ഈശാവാസം ഇദം സര്‍വം' എന്നാണു- എല്ലാം ഈശ്വരന്‍. അതില്‍ നിന്നും അന്യം ആയി ഒന്നും ഇല്ല. അതുകൊണ്ട് അതിനെ നിശ്ചല ബ്രഹ്മം എന്ന് പറയുന്നു. എല്ലായിടത്തും നിറഞ്ഞു നില്‍ക്കുന്ന (വിരാട് രൂപം) ഒന്നിന് എങ്ങനെ ചലിക്കാനാകും, എങ്ങോട്ട് ചലിക്കും. അത് അവിനാശിയാണ്‌. കാരണം നശിച്ചാലും രൂപമാറ്റം മാത്രമേ വരുന്നുള്ളൂ. ഏതു രൂപത്തിലിരിക്കുന്നതും അത് തന്നെ ആണ്. അതല്ലാതെ മറ്റൊന്നും ഇല്ല എങ്കില്‍ എങ്ങനെ നശിക്കാനാണ്. ആ സനാതന ധര്‍മ്മത്തില്‍ അത് കൊണ്ട് തന്നെ ഭയത്തിനോ വിദ്വേഷത്തിനോ സ്ഥാനമില്ല.

യസ്മിന്‍ സര്‍വാണി ഭൂതാനി
ആത്മൈവാഭുദ് വിജാനതഃ
തത്ര കോ മോഹ കഃ ശോകഃ
ഏകത്വം അനുപശ്യതഃ

ഏതൊരു പൂര്‍ണ ജ്ഞാനിക്കു ഇവിടെ എല്ലാ പ്രപഞ്ച ഘടകങ്ങളും ബോധാസ്വരുപമായ ആത്മാവ് തന്നെ എന്ന് ഉറപ്പു വരുന്നുവോ അയാള്‍ക്ക്‌ പിന്നെ എന്ത് മോഹം എന്ത് ശോകം.

യസ്തു സര്‍വ്വാണി ഭൂതാനി
ആത്മന്യേവാനു പശ്യതി
സര്‍വ ഭൂതേഷു ചാത്മാനം
തതോ ന വിജുഗുപ്സതേ

ഏതു സത്യ ദര്‍ശിയാണോ എല്ലാ പ്രപഞ്ച ഘടകങ്ങളെയും ബോധരൂപമായ ആത്മാവില്‍ തന്നെ തുടര്‍ന്ന് കണ്ടുകൊണ്ടിരിക്കുന്നത് അതുപോലെ എല്ലാ പ്രപഞ്ച ദ്ര്യശ്യങ്ങളിലും അഖണ്ടബോധരൂപമായ ആത്മാവിനെയും തുടര്‍ന്ന് കണ്ടുകൊണ്ടിരിക്കുന്നത് ആ സത്യദര്‍ശനത്തിന്റെ ഫലമായി അദ്ദേഹം ഒന്നിനെയും വെറുക്കാന്‍ ഇടവരുന്നില്ല. എല്ലാറ്റിന്റെയും സുഖം ആണ് അവൻ ആഗ്രഹിക്കുന്നത് .

ലോകാ സമസ്താ സുഖിനോ ഭവന്തു.

അപ്പോൾ പിന്നെ വിഷ്ണുവെന്നും ശിവനെന്നും ഒക്കെയുള്ള ആരാധനകളോ? അതൊക്കെ മനസ്സിന്റെ ധ്യാനത്തിനുള്ള ഉപാധികൾ. അതിനു വേണ്ടി അമ്പലങ്ങളിൽ പോകാനോ വീട്ടില് വച്ച് ധ്യാനിക്കണോ ഒക്കെയുള്ള സ്വാതന്ത്ര്യം ഉണ്ട്. അത്തരം ഉപാധികളിലൂടെ ഏകവും അദ്വിതീയവും ആയ പരബ്രഹ്മാനുഭൂതി ലഭിച്ചു കഴിഞ്ഞാൽ പിന്നെ യാതൊരു വിധ ഉപാധികളുടെയോ മഹത് ഗ്രൻഥങ്ങലുടെയോ ആവശ്യം ഇല്ല. അങ്ങനെയുള്ള ആ ബ്രഹ്മം മാത്രമാണ് സത്യം എന്നാണു സനാതന ധര്മ്മം എല്ലാ ഉപനിഷ്ദ്കളിലൂടെയും ഇതിഹാസങ്ങളിലൂടെയും സ്ഥാപിക്കുന്നത് .

ഡെവിള്‍സ് ട്രയാംഗിള്‍

കപ്പലുകള്‍ക്കും വിമാനങ്ങള്‍ക്കും വേണ്ടി വലവിരിച്ച് കാത്തിരിക്കുന്ന ഒട്ടേറെ നിഗൂഢതകള്‍ നിറഞ്ഞ ഒരു പ്രദേശം. വടക്കന്‍ അമേരിക്കയുടെ ഫ്ലോറിഡ തീരത്തുനിന്ന് തെക്കോട്ട്‌ ക്യുബ, പ്യൂട്ടോ റിക്കോ ബര്‍മുഡ ദ്വീപുകള്‍ എന്നിവയുടെ മദ്ധ്യത്തിലായി അറ്റ്ലാന്റിക്ക് സമുദ്രത്തിന്‍റെ 3,05,000 ച.കി.മീ. വിസ്തീര്‍ണ്ണം വരുന്ന സാങ്കല്‍പ്പിക ത്രികോണാകൃതിയിലുള്ള ജലപ്പരപ്പ്. നൂറ്റാണ്ടുകളായി യാത്രികരുടെ പേടി സ്വപ്നമായി നില കൊള്ളുന്ന നിഗൂഡതയുടെയും, മരണത്തിന്‍റെയയും അനന്ത വിശാലമായ കടലാഴി. ഡെവിള്‍സ് ട്രയാംഗിള്‍, അറ്റ്ലാന്റിക്ക് ഗ്രേവ്യാഡ് എന്ന പേരുകളിലും ഇത് അറിയപ്പെടുന്നു.

അമേരിക്കയുടെയും യൂറോപ്പിന്‍റെയും കരീബിയന്‍ ദ്വീപുകളുടെയും ഏറ്റവുമധികം കപ്പല്‍ സഞ്ചാരം നടക്കുന്നത് ഈ പ്രദേശത്തെ കപ്പല്‍ചാലുകളിലൂടെയാണ്. ഈ പ്രദേശത്തിനു മുകളിലൂടെ ഫ്‌ളോറിഡയിലേക്കും തെക്കേ അമേരിക്കയിലേക്കും കരീബിയയിലേക്കും നിരവധി വ്യോമ പാതകളുമുണ്ട്. ഇതുവഴിപോയ പല കപ്പലുകളും വിമാനങ്ങളും അപ്രത്യക്ഷമായതോടെ ഈ സാങ്കല്പിക ത്രികോണം നിഗൂഢ മേഖലയായി വാര്‍ത്തകളിലും കഥകളിലും നിറഞ്ഞു. അമാനുഷിക ശക്തികളുടെ പ്രവര്‍ത്തനഫലമാണ് അപകടങ്ങളെന്ന് വ്യാഖ്യാനമുണ്ടായി. കഥകളില്‍ ഈ സമുദ്രഭാഗം ഭീകരഭാവം പൂണ്ടു. കാന്തികശക്തിയും കടല്‍ ക്ഷോഭവും അപകടകാരണങ്ങളായി ചൂണ്ടിക്കാണിക്കപ്പെട്ടു. കൊളംബസിന്‍റെ യാത്രകളിലെ അത്ഭുത വിവരണങ്ങള്‍ ട്രയാംഗിള്‍ ദുരൂഹതയുടെ ആദ്യ വിശദീകരണമായി ഗണിക്കപ്പെടുന്നു. ആ പ്രദേശത്തുകൂടി പോയപ്പോള്‍ തീഗോളങ്ങള്‍ കടലില്‍ വീഴുന്നത് കണ്ടു വെന്നും വടക്കുനോക്കി യന്ത്രത്തിന്റെ സൂചികള്‍ ദിക്കറിയാതെ വട്ടം കറങ്ങിയെന്നും രേഖപ്പെടുത്തിയിരിക്കുന്നു.

1945 ഡിസംബര്‍ 5ന് അമേരിക്കയുടെ അഞ്ച് ബോംബര്‍ വിമാനങ്ങള്‍ ദുരൂഹസാഹചര്യത്തില്‍ അപ്രത്യക്ഷമായതോടെയാണ് ഈ 'ഭീകരനെ' കുറിച്ച് ലോകമറിയുന്നത്. കാണാതായ ഈ വിമാനങ്ങളെ കണ്ടെത്താന്‍ ഊര്‍ജ്ജിത തിരച്ചില്‍ നടത്തിയിട്ടും ഒന്നും കണ്ടെടുക്കാനായില്ല. ബര്‍മുഡയുടെ അഗാധതയില്‍ ആഴ്ന്നുപോയ കപ്പലുകളും, വിമാനങ്ങളും എത്രയെന്നു ആര്‍ക്കുമറിയില്ല. പായ്കപ്പലുകള്‍ മുതല്‍ അത്യാധുനിക യുദ്ധകപ്പലും ആണവശക്തി ഉപയോഗിച്ചു പ്രവര്‍ത്തിക്കുന്ന മുങ്ങിക്കപ്പലും ആധുനിക വിമാനങ്ങളും വരെ അവയില്‍ പെടും. കാരണമെന്തെന്ന് ആര്‍ക്കും വ്യക്തമല്ല. ഒരു കാര്യം മാത്രം എല്ലാവര്‍ക്കുമറിയാം, വിജനത തളംകെട്ടിയ ഈ ജലഭാഗം വളരെ അപകടകാരിയാണ് എന്നത്. ഇതില്‍ നിന്ന് കഷ്ട്ടിച്ചു രക്ഷപ്പെട്ടവര്‍ പറഞ്ഞ പ്രകാരം, ആ ഭാഗത്ത് അകപ്പെട്ടാല്‍ വടക്ക് നോക്കി യന്ത്രവും മറ്റു ഉപകരണങ്ങളും പ്രവര്‍ത്തന രഹിതമാവുകയും, തങ്ങള്‍ കടലിന്‍റെ ആഴങ്ങളിലേക്ക്‌ ആകര്‍ഷിക്കപ്പെടുകയും ചെയ്യുന്നു എന്നാണ്. ഇന്ന് ശാസ്ത്രം ഒട്ടേറെ വളര്‍ന്നിരിക്കുന്നു.

പ്രപഞ്ചരഹസ്യങ്ങളെ മനസിലാക്കാനും ഒരു പരിധിവരെ അവയെ നിയന്ത്രിക്കാനും ശാസ്ത്രം മനുഷ്യനെ പ്രാപ്തനാക്കി. ലക്ഷക്കണക്കിന്‌ പ്രകാശ വര്‍ഷങ്ങള്‍ക്കപ്പുറത്തുള്ള നക്ഷത്രങ്ങളെ മുതല്‍ പരമാണുവില്‍ ഒളിഞ്ഞിരിക്കുന്ന അപാര ശക്തിയെപ്പോലും കണ്ടെത്താനും വേണ്ടവിധം പ്രയോജനപ്പെടുത്താനും ശാസ്ത്രത്തിനു കഴിഞ്ഞു. ദൂരങ്ങള്‍ പലതും കീഴടക്കി, ജനിതക രഹസ്യം കണ്ടെത്തി, ജീവന്‍റെ പകര്‍പ്പ് എടുക്കുന്നതില്‍ വരെ എത്തിനില്‍ക്കുന്നു ശാസ്ത്രലോകം ഇന്ന്. എല്ലാം നേടി, എല്ലാം കീഴടക്കി എന്ന് പെരുമ്പറമുഴക്കുന്ന ആധുനിക മനുഷ്യന്‍റെ അഹങ്കാരത്തിന് നേരെപിടിച്ച ഒരു കണ്ണാടിയാണ് ബര്‍മുഡ പോലുള്ള ഉത്തരംകിട്ടാത്ത സമസ്യകള്‍. നമുക്കറിയാത്തതും വിശദീകരിക്കാന്‍ കഴിയാത്തതുമായ സംഗതികള്‍ ഇവിടെ നടക്കുന്നുണ്ട് എന്ന് സമ്മതിക്കാനെങ്കിലും ഈ ദുരൂഹ ദുരന്തങ്ങള്‍ നമ്മെ നിര്‍ബന്ധിക്കുകയാണ്. അനന്തമജ്ഞാതമവര്‍ണ്ണനീയം ഈ ലോക ഗോളം തിരിയുന്ന മാര്‍ഗ്ഗം എന്ന് ഏറ്റുപാടുവാന്‍ നാം നിര്‍ബന്ധിതരായിരിക്കുകയാണ്. ഇവിടെ കപ്പലുകളും വിമാനങ്ങളും പെട്ടന്ന് അപ്രത്യക്ഷമാകുന്നതിന് കാരണങ്ങള്‍ തിരക്കി ഒട്ടേറെ അന്വേഷണങ്ങള്‍ നടന്നിട്ടുണ്ട് . ആ പ്രദേശത്തെ കടലിന്‍റെ സ്വഭാവം, അപ്രതീക്ഷിതമായി ഉണ്ടാകുന്ന കൊടുംകാറ്റ്, കടലിനടിയിലെ കാന്തിക ശക്തി, നീര്‍ച്ചുഴികള്‍ തുടങ്ങി അന്യഗ്രഹജീവികളും ദുര്‍ഭൂതങ്ങളും വരെ കാരണങ്ങള്‍ ആയി നിരന്നു. കടലിലെ ശക്തമായ ഉള്‍ക്കടല്‍ പ്രവാഹം (ഗള്‍ഫ് സ്ട്രീം) മൂലമുണ്ടാകുന്ന ശക്തമായ തിരമാല ആണ് കുഴപ്പങ്ങള്ക്കെ്ല്ലാം കാരണം എന്ന് വാദിക്കുന്നവരും ഉണ്ട്. എന്നാല്‍ അവയ്ക്ക് വിമാനങ്ങളെ വീഴ്ത്താന്‍ ആവില്ലന്നു ആ വാദം ഉയര്‍ത്തിയവര്‍ തന്നെ സമ്മതിക്കുന്നു. മറ്റൊരു വാദം ഗ്രീക്ക് പുരാണങ്ങളിലെ അറ്റ്‌ലാന്റിയ നഗരത്തിന്‍റെ ഊര്‍ജ്ജ സ്രോതസ്സായ ക്രിസ്റ്റലുകള്‍ ഈ മേഘലയില്‍ ഉണ്ടെന്നതാണ്. ബഹാമാസ് തീരത്ത് സമുദ്രത്തിനടിയില്‍ കാണപ്പെടുന്ന കല്ലുകളുടെ വഴി പോലെയുള്ള ഭാഗം അവിടെക്കുള്ള വഴിയായും ഇവര്‍ വിശ്വസിക്കുന്നു . ഇതുവരെ മനുഷ്യന്‍ അറിഞ്ഞിട്ടില്ലാത്തതും നിര്‍വചിക്കപെടാന്‍ ആവാത്തതുമായ ശക്തികള്‍ എന്നും മറ്റൊരു കൂട്ടര്‍. ആര്‍ക്കും വ്യക്തമായ ഉത്തരം നല്‍കാന്‍ ഇതേ വരെ സാധിച്ചിട്ടില്ല.

കാലത്തിന്റെനയും കലണ്ടറുകളുടെയും ശാസ്ത്രത്തിന്‍റെയും അപ്പുറത്ത് കിടക്കുന്ന കാര്യങ്ങളെക്കുറിച്ചുള്ള വിശദീകരണങ്ങള്‍ സംഭവങ്ങളുടെ ദുരൂഹതയും നിഗൂഢതയും വര്‍ദ്ധിപ്പിക്കുകയാണ് ചെയ്യുന്നത്. കാരണങ്ങള്‍ അറുത്തുമുറിച്ച് പരിശോധിച്ചുനോക്കിയിട്ടും ഒന്നിലും ഒതുങ്ങാത്ത കുറേ സംഭവങ്ങള്‍ ശാസ്ത്രത്തെ നോക്കി കണ്ണിറുക്കുന്നു. 1947 ജൂണ്‍ 25 നു, കെന്നത്ത്‌ ആര്‍നോള്‍ഡ്‌ എന്ന പൈലെറ്റ്‌ ഇവിടെ പറക്കും തളികകളെ കണ്ടു എന്ന്‌ റിപ്പോര്ട്ട് ‌ ചെയ്തത് ഏലിയന്‍ ഗേറ്റ് വേ ആണെന്ന വാദത്തിനു ബലമേകുന്നു. അമ്പരിപ്പിക്കുന്ന മറ്റൊരു കാര്യം, ഇവിടെ ഇടയ്ക്കിടെ കണ്ടെത്തുന്ന ആളില്ലാത്ത പ്രേതകപ്പലുകളാണ്. പല നാവികരും ഇത്തരം കപ്പലുകളെക്കുറിച്ച് പറഞ്ഞിട്ടുണ്ട് . മനുഷ്യവാസമില്ലാതെ, യന്ത്രങ്ങളുടെ മുരള്‍ച്ചയില്ലാതെ രാത്രിയും പകലും ഇവയിങ്ങനെ ഒഴുകി നടക്കും. കടലില്‍ അലഞ്ഞുതിരിയുന്ന ഇത്തരം കപ്പലുകള്‍ കടല്‍ യാത്രക്കാര്‍ക്ക് പേടി സ്വപ്നമാണ്. ഇവയെ മങ്ങിയ വെളിച്ചത്തില്‍ മറ്റുകപ്പലുകളില്‍ നിന്ന് നോക്കിയാല്‍ ഭീമാകാരങ്ങളായ രാക്ഷസ രൂപങ്ങളായി തോന്നുമത്രേ. പെട്ടന്ന് ഇരുട്ടില്‍ നിന്ന് പ്രത്യക്ഷപ്പെടുന്ന അവ ബോട്ടുകളുമായി കൂട്ടിയിടിച്ച് അപകടമുണ്ടായ സംഭവം ഉണ്ടായിട്ടുണ്ട്.

1935 ല്‍ ഇങ്ങനെ കണ്ടത്തിയ പ്രേതകപ്പലാണ് "ലാ ദഹാമ". ഇതേപോലെ തന്നെ 1872 ല്‍ “മേരി സെലസ്റ്റി” എന്നൊരു കപ്പലിനെയും, 1955 ല്‍ "കൊനെമാറ" എന്ന കപ്പലിനെയും കണ്ടെത്തിയിരുന്നു. 1921 ല്‍ കണ്ടെത്തിയ അഞ്ചു പായ്മരങ്ങളുള്ള “കരോള്‍ ഡിയറിംഗ്” എന്ന കപ്പലില്‍ കോസ്റ്റ് ഗാര്‍ഡ് പരിശോധന നടത്തിയപ്പോള്‍ മനുഷ്യര്‍ ആരുമില്ലാതെ ശൂന്യവും നിശബ്ദവും ആയിരുന്നു അതിന്‍റെ ഉള്‍വശം മുഴുവന്‍. ഒരു പൂച്ചക്കുട്ടി മാത്രം കരഞ്ഞുകൊണ്ടിരിക്കുന്നു. ഭക്ഷണ മേശയില്‍ അവശിഷ്ടങ്ങള്‍ പാത്രങ്ങളില്‍ ഇരിക്കുന്നു.

കസേരകള്‍ പിന്നിലേക്ക്‌ തള്ളിയിട്ടതുപോലെ. കപ്പലില്‍ ദിശയറിയാനുള്ള ഉപകരണങ്ങളോ രേഖകളോ ഒന്നും കണ്ടെത്താനായില്ല, അതുപോലെ ലൈഫ് ബോട്ടുകളും. എല്ലാം പെട്ടന്നുപേക്ഷിച്ചു യാത്രക്കാരെല്ലാം ഇറങ്ങിപ്പോയതു പോലെ.!! പക്ഷെ, എങ്ങിനെ.?, എന്തിനു.?, എപ്പോള്‍.? ഈ ചോദ്യങ്ങള്‍ക്കൊന്നും ഉത്തരം കിട്ടിയില്ല. അതിലെ ഒരു യാത്രികനെപോലും പിന്നീട് ആരും കണ്ടതുമില്ല. ഇനി അല്‍പം ശാസ്ത്രത്തിന്‍റെ പാതയിലൂടെ ചിന്തിക്കുകയാണെങ്കില്‍, ഇന്നത്തെ അത്യാധുനിക വാര്‍ത്താ വിനിമയ സംവിധാനങ്ങളും റഡാറും ഉപഗ്രഹ സാങ്കേതികവിദ്യയും ഒന്നുമില്ലാതിരുന്ന ഇരുപതാം നൂറ്റാണ്ടിന്‍റെ ആദ്യ പകുതിയിലാണ് ബര്‍മുഡയിലെ ദുരൂഹമായ അപകടങ്ങളിലേറെയും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. ബര്‍മുഡ മേഖലയില്‍ കാന്തിക ശക്തി കൂടുതലായാതിനാല്‍ അത് വസ്തുക്കളെ ഉള്ളിലേക്ക് ആകര്‍ഷിക്കുന്നു. ഇടയ്ക്കിടെ ഉണ്ടാകുന്ന ശക്തമായ ചുഴലിക്കാറ്റിലോ കാന്തികശക്തികൊണ്ടോ കപ്പലുകളും വിമാനങ്ങളും അപകടത്തില്‍ പെടുന്നു. കൂടാതെ വെള്ളത്തിന്‍റെ സാന്ദ്രത കുറയ്ക്കുന്ന വന്‍തോതിലുള്ള മീഥേന്‍ ഹൈഡ്രേറ്റ് വാതകസാന്നിധ്യമാണ് നിഗൂഢതയുടെ മറ്റൊരു കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. വാതകങ്ങളുടെ സമുദ്രോപരിതലത്തോടു ചേര്‍ന്നുണ്ടാകുന്ന സ്‌ഫോടനം കാരണം കപ്പലിനു ചുറ്റും വെള്ളം വന്‍തോതില്‍ പതഞ്ഞുയര്‍ന്നാല്‍ കപ്പല്‍ അതിവേഗം മുങ്ങുമെന്ന് പരീക്ഷണങ്ങളില്‍ തെളിഞ്ഞിട്ടുണ്ട്. കപ്പലിന്‍റെ എന്‍ജിനു കേടുവരുത്താനും മീഥേന്‍ വാതകത്തിന് ചില അവസ്ഥകളില്‍ സാധിക്കും. വന്‍തോതിലുള്ള സമുദ്രഗതാഗതവും ശക്തമായ ഗള്‍ഫ് സ്ട്രീം എന്ന അടിയൊഴുക്കും അടിക്കടി പ്രതികൂലമാകുന്ന കാലാവസ്ഥയും ചേരുമ്പോള്‍ അപകടത്തില്‍ പെടുമ്പോള്‍ ഒരു തുമ്പും ശേഷിക്കാതെ കപ്പലുകള്‍ അപ്രത്യക്ഷമാകുന്നതില്‍ അദ്ഭുതമില്ലെന്നും വാദിക്കുന്നവരുണ്ട്. നരഭോജികളായ മത്സ്യങ്ങളും സ്രാവുകളും കൂടുതലുള്ള പ്രദേശം ആയതിനാല്‍ ഇവിടെ വീഴുന്ന ആള്‍ക്കാരുടെ അവശിഷ്ടങ്ങള്‍ കരക്ക്‌ അടിയുന്നില്ല. സ്രാവിന്‍റെയോ മറ്റോ പല്ല്പതിഞ്ഞ ശരീരഭാഗങ്ങളും ലൈഫ് ജാക്കറ്റുകളും കണ്ടെടുത്തിട്ടുണ്ട്.

1940കളില്‍ ബ്രിട്ടന്‍റെ രണ്ടു യാത്രാവിമാനങ്ങള്‍ ഇവിടെ വീണത് ഇന്ധനച്ചോര്‍ച്ചയും സാങ്കേതികപ്പിഴവുകളും കൊണ്ടായിരുന്നുവെന്ന് ബി.ബി.സി. നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. കൊളംബസ് കണ്ട തീ ഗോളങ്ങള്‍ ഉല്ക്കാതപതനങ്ങള്‍ ആകാം എന്നും സംശയിക്കുന്നു. വടക്കുനോക്കി യന്ത്രങ്ങള്‍ ദിശ തെറ്റിക്കുന്ന സാഹചര്യമുണ്ടായത് ഭൂമിയുടെ ഉത്തരധ്രുവത്തിലേക്കല്ല, കാന്തികമണ്ഡലത്തിന്‍റെ ഉത്തരധ്രുവത്തിലേക്കാണ് വടക്കുനോക്കിയന്ത്രത്തിന്‍റെ സൂചി ചൂണ്ടിക്കാണിക്കുന്നത് എന്നത് കൊണ്ടാണ്. യന്ത്രം കാണിക്കുന്ന ദിക്ക് കാന്തിക വടക്കാണ്, ശരിയായ വടക്കല്ല. ഭൂമിയുടെ പല പ്രദേശങ്ങളിലും കാന്തിക മണ്ഡലത്തിലെ വ്യതിയാനം അനുസരിച്ച് ഈ കാന്തിക വടക്കും ശരിയായ വടക്കും ദിക്കും തമ്മിലുള്ള വ്യത്യാസം മാറിക്കൊണ്ടിരിക്കും. അമേരിക്കയിലെ സുപ്പീരിയര്‍ തടാകത്തിലും ഫ്‌ളോറിഡയിലുമുള്ള ചില പ്രദേശങ്ങളില്‍ കാന്തിക വടക്കും ശരിയായ വടക്കും തമ്മില്‍ വ്യത്യാസമില്ല. വര്‍ഷങ്ങള്‍ക്ക് മുന്‍പ് ബര്‍മുഡ പ്രദേശത്ത് ഇങ്ങനെ വ്യത്യാസമില്ലാത്ത അവസ്ഥ ഉണ്ടായിരുന്നത് കൊണ്ടാണ് അത്തരം അനുഭവം ഉണ്ടായതെന്ന് ഗവേഷകര്‍ പറയുന്നു.

അപകടങ്ങളുടെ കാരണം കണ്ടെടുത്താനാവാത്ത അന്നത്തെ അന്വേഷണസംഘം മറ്റെന്തോ ആവാം അതിനു പിന്നിലെന്ന് അഭിപ്രായപ്പെട്ടിരിക്കാം. ഇതാണ് ബര്‍മുഡ ത്രികോണത്തിലെ അപകടങ്ങള്‍ക്കു പിന്നില്‍ നിഗൂഢ ശക്തികളാണെന്ന് കഥ പരക്കാന്‍ കാരണമെന്ന് ബി.ബി.സി. സംഘം അഭിപ്രായപ്പെടുന്നു. മനുഷ്യന്‍റെ പിഴവുകള്‍കൊണ്ടുണ്ടായ അപകടങ്ങളും ബര്‍മുഡയിലെ നിഗൂഢതയുടെ മേല്‍ അങ്ങിനെ ആരോപിക്കപ്പെട്ടിരിക്കാം. ഒപ്പം, ഇവിടുത്തെ നിഗൂഢതകള്‍ മറയാക്കി, പതിയിരുന്നാക്രമിക്കുന്ന കടല്‍ക്കൊള്ളക്കാരും തിരോധാനങ്ങളുടെ ദുരൂഹതകള്‍ക്ക് ആക്കം കൂട്ടിയിരിക്കാം.

ബര്‍മുഡ ത്രികോണത്തിന്‍റെ നിഗൂഢത പുസ്തകങ്ങളുടെയും സിനിമകളുടെയും സീരിയലുകളുടെയും വാണിജ്യ താത്പര്യങ്ങള്‍ക്ക് വേണ്ടി ഊതിപ്പെരുപ്പിച്ചിട്ടുണ്ടെന്ന കാര്യത്തില്‍ തര്‍ക്കമില്ല. അമേരിക്കന്‍ ജിയോഗ്രാഫിക് ബോര്‍ഡിന്‍റെ ഔദ്യോഗിക രേഖകളില്‍ ഒരിടത്തും ഈ ട്രയാങ്കിളിന്‍റെ ഭൂപടം കാണാനില്ല എന്നത് ഇതിനോടൊപ്പം ചേര്‍ത്ത് വായിക്കേണ്ട ഒരു സത്യമാണ്.! ബര്‍മുഡ ട്രയാംഗിളിനെപ്പറ്റി ശാസ്ത്രവും മിത്തുകളും തമ്മിലുള്ള വടംവലികള്‍ക്കിടയില്‍ പുതിയൊരു വിസ്മയം കൂടി ഇവിടെ കണ്ടെത്തിയിരിക്കുന്നു.

രണ്ട് പടുകൂറ്റന്‍ പിരമിഡുകള്‍. സമുദ്രനിരപ്പില്‍ നിന്ന് 2000m താഴെ 800m നീളവും 200m ഉയരവുമുള്ള പിരമിഡാണ് ഇവിടെ കണ്ടെത്തിയത്. കട്ടിയുള്ള ഗ്ലാസ് കൊണ്ടു നിര്‍മ്മിക്കപ്പെട്ടതെന്നു കരുതുന്ന ഇവയ്ക്ക് ഈജിപ്തിലെ പിരമിഡുകളേക്കാള്‍ വലിപ്പമുണ്ട്. രണ്ടു പിരമിഡുകളുടെയും മുകളിലായി വലിയ ദ്വാരങ്ങളുണ്ട്. രണ്ടാമത്തെ പിരമിഡിന്‍റെ മുകളിലൂടെ സമുദ്രജലം അതിശക്തമായി ഒഴുകുന്നതായും സമുദ്രനിരപ്പില്‍ നുരയും പതയും രൂപംകൊള്ളുന്നതായും ഗവേഷകര്‍ കണ്ടെത്തിയിട്ടുണ്ട്. ഇവയ്ക്ക് കോസ്മിക് രശ്മികളെ ആഗിരണം ചെയ്യുവാനും സമീപഭാഗത്തേക്ക് ആകര്‍ഷിക്കാനും ആവുമത്രെ. ഇതു തന്നെയാണോ വര്‍ഷങ്ങളായി കണ്ടുപിടിക്കാന്‍ സാധിക്കാത്ത, ബര്‍മുഡ ട്രയാംഗിളിന്‍റെ ആകര്‍ഷണ രഹസ്യം എന്നും ശാസ്ത്രജ്ഞന്മാര്‍ സംശയിക്കുന്നു. ഇവിടെ നടന്ന അപകടങ്ങളും അത്ഭുതങ്ങളും സമാഹരിച്ച് 'ബര്‍മുഡ ട്രയാംഗിള്‍ ബിബ്ലിയോഗ്രഫി' എന്ന ഒരു പുസ്തകം തന്നെതയ്യാര്‍ ചെയ്തിട്ടുണ്ടത്രെ.!

പോയ നൂറ്റാണ്ടില്‍ അപ്രത്യക്ഷമായത് ബര്‍മുഡയിലൂടെ യാത്ര ചെയ്ത അമ്പതിലധികം കപ്പലുകളും അതിനു മുകളിലൂടെ പറന്ന ഇരുപതിലധികം വിമാനങ്ങളുമാണ്. ഇതില്‍ ഭൂരിപക്ഷത്തിന്‍റെയും പൊടിപോലും ഇതുവരെ കണ്ടെത്താനായിട്ടില്ല. അവശിഷ്ടങ്ങള്‍ കിട്ടാതെ തിരോധാനത്തിനു പിന്നിലെ ശരിയായ കാരണങ്ങള്‍ മനസിലാക്കാനും കഴിയില്ല. കഥകള്‍ പലതും വിശ്വസിക്കാന്‍ ശാസ്ത്രം അനുവദിക്കുന്നില്ല. വ്യക്തമായ തെളിവുകള്‍ ലഭിക്കാത്തതിനാല്‍ ശാസ്ത്രവും പരാജയപ്പെടുന്നു. കാരണം എന്ത് തന്നെയായാലും സത്യത്തിലേക്കുള്ള അകലം കുറഞ്ഞു വരുന്നു എന്ന് ആശ്വസിക്കാം. അതുവരെ അന്യഗ്രഹ ജീവികള്‍ കപ്പലും വിമാനവും തട്ടിക്കൊണ്ടു പോയി എന്നതടക്കമുള്ള വിശ്വാസങ്ങള്‍ നിലനില്‍ക്കുകയും ചെയ്യും. ശാസ്ത്രത്തിനു പിടികൊടുക്കാത്ത, പ്രകൃതിയുടെ കുസൃതിയെന്നോ വികൃതിയെന്നോ വിളിക്കാവുന്ന പ്രതിഭാസങ്ങളിലൊന്നായി നിഗൂഡമായിത്തന്നെ ബര്‍മുഡ അങ്ങനെ എന്നും നിലനില്ക്കും.! അടുത്ത ഇരയെയും കാത്ത്..!

അതുവരെ ശാസ്ത്രത്തില്‍ വിശ്വസിക്കുന്നവര്‍ക്ക് ശാസ്ത്രത്തെയും, മിത്തുകളില്‍ വിശ്വസിക്കുന്നവര്‍ക്ക് അങ്ങനെയും തുടരാം..!

Friday, 23 May 2014

സംഘസമുദ്രവും നമോതരംഗവും

2015 ഒക്ടോബര്‍ മാസത്തില്‍ വിജയദശമി ആഘോഷിക്കുമ്പോള്‍ ആര്‍എസ്‌എസ്‌ 90 വര്‍ഷങ്ങള്‍ പിന്നിടുകയാണ്‌. മറ്റൊരു ദശാബ്ദംകൂടി കഴിയുമ്പോള്‍ സംഘത്തിന്റെ ശതാബ്ദിയാണ്‌. സ്വയംസേവകര്‍ നാല്‌ തലമുറകള്‍ പിന്നിട്ടു. ആറാമത്തെ സര്‍സംഘചാലകാണ്‌ ഇന്ന്‌ ആര്‍എസ്‌എസിനെ നയിക്കുന്നത്‌. ഈ സന്ദര്‍ഭത്തില്‍ സംഘസ്ഥാപകനായ ഡോക്ടര്‍ ഹെഡ്ഗേവാറിന്റെ വാക്കുകള്‍ നാം അനുസ്മരിക്കേണ്ടതാണ്‌. അദ്ദേഹം പറയാറുണ്ടായിരുന്നു, “സംഘത്തിന്റെ രജതജൂബിലിയും സുവര്‍ണ്ണ ജൂബിലിയും ഡയമണ്ട്‌ ജൂബിലിയും ശതാബ്ദിയും ഒന്നും ആഘോഷിക്കണമെന്ന്‌ എനിക്ക്‌ ആഗ്രഹമില്ല. എത്രയും വേഗം സംഘം അതിന്റെ ജന്മദൗത്യം പൂര്‍ത്തിയാക്കി ഹിന്ദുസമാജത്തില്‍ ലയിച്ച്‌ കാണാനാണ്‌ എന്റെ ആഗ്രഹം” എന്ന്‌. സംഘവും സമാജവും ഒന്നായിത്തീരണം. സംഘടിതവും ബലിഷ്ഠവുമായ ഹിന്ദുസമാജം നിലവില്‍ വരണം. സംഘം വേറിട്ട്‌ നില്‍ക്കേണ്ട ആവശ്യം ഇല്ലാതായിത്തീരണം. സംഘസ്ഥാപകന്റെ സങ്കല്‍പം എത്രകണ്ട്‌ വിജയിച്ചു, അഥവാ വിജയത്തോടടുത്തു എന്ന്‌ നാം ആലോചിക്കേണ്ട സമയമാണ്‌.

വലിയൊരളവുവരെ നാം ആ ലക്ഷ്യത്തോട്‌ അടുത്തുകൊണ്ടിരിക്കുകയാണ്‌ എന്നതിന്‌ സംശയമില്ല. അഭൂതപൂര്‍വ്വമായ ചരിത്രവിജയത്തോടെ സംഘസ്വയംസേവകര്‍ ഭാരതത്തിന്റെ ഭരണസാരഥ്യം ഏറ്റെടുക്കാന്‍ പോകുന്ന ശുഭമുഹൂര്‍ത്തമാണിത്‌. അക്ഷരാര്‍ത്ഥത്തില്‍ തന്നെ കന്യാകുമാരി മുതല്‍ കാശ്മീര്‍ വരെയും ദ്വാരക മുതല്‍ മേഘാലയം വരെയും ഭാരതം കാവിയില്‍ കുളിച്ചുനില്‍ക്കുന്ന ധന്യമുഹൂര്‍ത്തം. തീര്‍ച്ചയായും സ്വയംസേവകര്‍ക്ക്‌ ആഹ്ലാദിക്കാനും അഭിമാനിക്കാനും അവകാശമുണ്ട്‌. എന്നാല്‍ അമിതമായ ആഹ്ലാദം നല്ലതല്ല. അപകടകരമാണ്‌. പരാജയത്തിന്‌ അതിന്റെതായ പ്രശ്നങ്ങള്‍ ഉള്ളതുപോലെ വിജയത്തിനും ധാരാളം പ്രശ്നങ്ങള്‍ സൃഷ്ടിക്കാന്‍ കഴിയും. പരാജയം അനാഥമാണെന്ന്‌ പറയും. അതിന്റെ ഉത്തരവാദിത്വമേറ്റെടുക്കാന്‍ ആരും മുന്നോട്ടുവരുകയില്ല, മറ്റുള്ളവരുടെമേല്‍ കെട്ടിവയ്ക്കാന്‍ ശ്രമിക്കുകയും ചെയ്യും. എന്നാല്‍ വിജയത്തിന്‌ അനവധി അവകാശികളുണ്ടാവും.

എല്ലാ പരിവാര്‍ പ്രസ്ഥാനങ്ങളും ചേര്‍ന്ന്‌ ആര്‍എസ്‌എസിന്റെ ആഹ്വാനപ്രകാരം ഈ പൊതുതെരഞ്ഞെടുപ്പില്‍ ആസുരികശക്തികള്‍ക്കെതിരെ പോരാടി ചരിത്രവിജയം കൈവരിച്ചു. ഈ വിജയം അഭിമാനാര്‍ഹമാണ്‌. ഇതിനുവേണ്ടി പ്രയത്നിച്ച ഓരോരുത്തര്‍ക്കും അഭിമാനിക്കാന്‍ അവകാശമുണ്ട്‌. അതേസമയം യഥാര്‍ത്ഥത്തില്‍ വിജയം നേടിയത്‌ നമ്മുടെയെല്ലാം ആത്മബലമായ സംഘത്തിന്റെ സജീവസാന്നിധ്യംകൊണ്ടാണ്‌ എന്ന്‌ നാം മറക്കരുത്‌. ബിജെപിയായാലും വിശ്വഹിന്ദുപരിഷത്തായാലും മറ്റേത്‌ വിവിധക്ഷേത്രസംഘടനയായാലും അവര്‍ തങ്ങളുടേതായ പങ്ക്‌ വഹിച്ചു. സംഘം നേരിട്ട്‌ സാരഥ്യമേറ്റെടുത്തു. ഇതിനുമുമ്പ്‌ ഒരിക്കല്‍ മാത്രമേ സംഘം ഇങ്ങനെ ചെയ്തിട്ടുള്ളൂ. അടിയന്തരാവസ്ഥയുടെ കാളരാത്രി അവസാനിപ്പിക്കാനുള്ള ധര്‍മ്മസമരത്തില്‍. ആ ദൗത്യം വിജയിപ്പിച്ചതിനുശേഷം സംഘവും വിവിധക്ഷേത്രങ്ങളും അവരുടെ കര്‍മ്മമണ്ഡലങ്ങളിലേക്ക്‌ തിരിച്ചു പോയി. ഓരോന്നും കൂടുതല്‍ ശക്തിപ്പെടാന്‍ വേണ്ടി പ്രയത്നിച്ചു. അതിന്റെയൊക്കെ പരിണതഫലമാണ്‌ ഇപ്രാവശ്യത്തെ ചരിത്രവിജയം. ഇനി എന്താണ്‌ നാം ചെയ്യേണ്ടത്‌? ഒരു കൂട്ടുകുടുംബത്തിന്റെ ഏതെങ്കിലും ശാഖയില്‍ വിവാഹമോ അതുപോലുള്ള മറ്റ്‌ മംഗളകര്‍മ്മമോ നടക്കാനിരിക്കുമ്പോള്‍ എല്ലാവരും അവിടെ ഓടിയെത്തും സഹായിക്കും സഹകരിക്കും. ഉത്സാഹപൂര്‍ണ്ണമായി പ്രവര്‍ത്തിച്ച്‌ വിജയിപ്പിക്കും. ഗംഭീരമായി സദ്യനടത്തും. അത്രയും കഴിഞ്ഞാല്‍ ഓരോരുത്തരും അവരവരുടെ കുടുംബങ്ങളിലേക്ക്‌ മടങ്ങിപ്പോകും. വീണ്ടും അവിടെ തങ്ങുകയില്ല. ഓരോരുത്തരും അവരുടെ കുടുംബകാര്യങ്ങള്‍ ഭംഗിയായി നടത്തുന്നതില്‍ മുഴുകും. ഇവിടെയും അതാണ്‌ സംഭവിച്ചത്‌. സംഘത്തറവാട്ടിലെ ഒരു കുടുംബത്തില്‍ – ബിജെപിയില്‍- ജനാധിപത്യമഹോത്സവം കൊണ്ടാടുകയായിരുന്നു. എല്ലാ ശാഖയില്‍പെട്ടവരും സംഘപരിവാര്‍ മുഴുവനും അത്‌ വിജയിപ്പിക്കുവാന്‍ ഒരുമിച്ച്‌ സംഘത്തിന്റെ നിര്‍ദ്ദേശമനുസരിച്ച്‌ അതില്‍ പങ്കുചേര്‍ന്നു. ഉത്സവം ഗംഭീരമായി വിജയിപ്പിച്ചു. ഇനി ഓരോരുത്തരും അവരവരുടെ കുടുംബങ്ങളിലേക്ക്‌ മടങ്ങിപ്പോകണം.

ദേശവ്യാപകമായി ഉണ്ടായ ഈ മഹാപരിവര്‍ത്തനത്തില്‍ കേരളത്തിന്‌ അര്‍ത്ഥവത്തായ പങ്കുവഹിക്കാന്‍ ആയില്ല എന്ന സത്യം അവശേഷിക്കുന്നു. മോദിതരംഗം ഒരു സുനാമിപോലെ പടര്‍ന്നുപിടിച്ചപ്പോഴും കേരളത്തില്‍ അതിന്റെ സ്വാധീനം ഒരു മണ്ഡലത്തില്‍ പോലും നമ്മെ വിജയത്തിലേക്കാനയിച്ചില്ല. അടിയന്തരാവസ്ഥകഴിഞ്ഞ്‌ നടന്ന തെരഞ്ഞെടുപ്പില്‍ ജനാതാപാര്‍ട്ടി വന്‍വിജയം നേടിയപ്പോഴും കേരളം ഒറ്റപ്പെട്ടുനിന്നതേ ഉള്ളൂ. എന്താണ്‌ ദേശീയധാരയില്‍നിന്നുള്ള കേരളത്തിന്റെ ഈ രാഷ്ട്രീയമായ ഒറ്റപ്പെടലിന്‌ കാരണമെന്ന്‌ നാം കൂട്ടായി ചിന്തിക്കണം. അതേസമയം, വ്യക്തമായ മറ്റൊരു കാര്യം നാം പലപ്പോഴും അവഗണിക്കാറുള്ളത്‌ പാര്‍ലമെന്റിലേക്കുള്ള വഴി പഞ്ചായത്തുകളിലും നഗരസഭകളിലും കൂടിയാണ്‌ എന്ന മൗലിക യാഥാര്‍ത്ഥ്യമാണ്‌. കേരളത്തെപ്പോലെ ഇത്രയധികം ശക്തവും വ്യാപകവുമായ സംഘശാഖകളും പരിവാര്‍സംഘടനകളും ഉണ്ടായിട്ടും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ നമുക്ക്‌ മതിയായ പ്രാതിനിധ്യമില്ല. എല്ലാവരുടേയും സഹകരണമാവശ്യമാണെങ്കിലും രാഷ്ട്രീയരംഗത്ത്‌ പ്രവര്‍ത്തിക്കുന്ന പ്രസ്ഥാനത്തിന്റെ ബാധ്യതയും ചുമതലയുമാണ്‌ പഞ്ചായത്തുതലം മുതലുള്ള പ്രവര്‍ത്തനം ശക്തിപ്പെടുത്തേണ്ടത്‌. ജനകീയപ്രശ്നങ്ങള്‍ ഏറ്റെടുത്ത്‌ പരിഹരിക്കേണ്ടത്‌. ബന്ധപ്പെട്ടകക്ഷികള്‍ അടിയന്തരമായി ഏറ്റെടുത്ത്‌ വിജയിപ്പിക്കേണ്ട മേഖലയാണത്‌. ഈ ലോക്സഭാ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരത്തെ നാല്‌ അസംബ്ലി മണ്ഡലങ്ങളില്‍ നമുക്ക്‌ ഭൂരിപക്ഷം നേടാനായി. നഗരസഭയില്‍ ഏറെക്കുറെ പൂര്‍ണ്ണവിജയമായിരുന്നു. മറ്റുപല ലോക്സഭാ മണ്ഡലങ്ങളിലും റിക്കോര്‍ഡ്‌ വോട്ടുകള്‍ നേടാന്‍ പ്രബലരായ നമ്മുടെ സ്ഥാനാര്‍ത്ഥികള്‍ക്ക്‌ കഴിഞ്ഞു എന്നത്‌ അഭിമാനകരമാണ്‌.

നമുക്ക്‌ അനുകൂലമായ മറ്റൊരു സാഹചര്യമുള്ളത്‌ കേരളത്തിലെ രാഷ്ട്രീയ ധ്രുവീകരണത്തില്‍ ഒരു ധ്രുവമായി നിന്നിരുന്നത്‌ മാര്‍ക്സിസ്റ്റു പാര്‍ട്ടിയായിരുന്നു എന്നതാണ്‌. ഈ തെരഞ്ഞെടുപ്പ്‌ കേരളത്തില്‍ അവരെ രണ്ടാം സ്ഥാനത്തേക്ക്‌ തള്ളി, ബംഗാളില്‍ നാമമാത്രമായി, ദേശീയതലത്തില്‍ ഏറെക്കുറെ നാമാവശേഷമായി. കേരളത്തിലെ ഇടതുപക്ഷത്തിന്റെ തകര്‍ച്ച ദേശീയശക്തികള്‍ക്ക്‌ വേരുറപ്പിക്കാനുള്ള സാഹചര്യമാണ്‌. ദേശീയതലത്തിലുണ്ടായിട്ടുള്ള ആവേശകരമായ ശക്തിപ്രഭാവം പൂര്‍ണ്ണമായി പ്രയോജനപ്പെടുത്തി കേരളത്തിലും അതുറപ്പിക്കാനും ദേശീയമുഖ്യധാരയില്‍നിന്ന്‌ ഒറ്റപ്പെട്ടുനില്‍ക്കുന്ന സംസ്ഥാനമാണ്‌ കേരളമെന്ന ദുഷ്പ്പേര്‌ ഇല്ലാതാക്കാനും ഇത്രയും അനുകൂലമായ മറ്റൊരു സാഹചര്യം ഉണ്ടാവാനില്ല.

ജാതിക്കും മതത്തിനും രാഷ്ടീയത്തിനും ഉപരിയായി എല്ലാവിഭാഗങ്ങളിലുംപെട്ട പ്രബുദ്ധരായ ആളുകള്‍ പ്രതീക്ഷയോടെ നമ്മെ വീക്ഷിക്കുന്ന കാലമാണിത്‌. നമ്മുടെ വീക്ഷണത്തിലും കാലാനുരൂപവും രാഷ്ട്രക്ഷേമകരവുമായ ക്രമപ്പെടുത്തല്‍ ഈ സമയത്ത്‌ ആവശ്യമാണ്‌. ആരും നമ്മുടെ ശത്രുക്കളല്ല. സംശയത്തോടെ അകന്നുനില്‍ക്കുന്നവരുണ്ടാവാം. അവരേയും സംഘപ്രവാഹത്തിലും ദേശീയധാരയിലും അണിചേര്‍ക്കുവാനുള്ള ഹൃദയവിശാലത നമ്മുടെ ഭാഗത്തുനിന്നും ഉണ്ടാവണം. കരുതല്‍ കൈവെടിയണമെന്നല്ല, അകല്‍ച്ച കുറയ്ക്കാന്‍ ശ്രമിക്കണം.

പക്ഷെ നമ്മുടെ അന്തിമലക്ഷ്യം രാഷ്ട്രീയാധികാരം കരസ്ഥമാക്കുക എന്നതല്ല. രാഷ്ട്രത്തിന്റെ പരംവൈഭവമാണ്‌ സംഘത്തിന്റെ ദൗത്യം. അധികാരം അതിലേക്കുള്ള ഒരു പടി മാത്രമാണ്‌. അടല്‍ ബിഹാരി വാജ്പേയ്‌യുടെ പ്രസിദ്ധമായ ഒരു കവിതാശകലം നാമോര്‍മിക്കുന്നത്‌ നന്നായിരിക്കും.

പഥ്‌ കാ അന്തിമ്‌ ലക്ഷ്യ നഹീ ഹേ
സിംഹാസന്‌ പര്‍ ഛഡതേ ജാനാ?

സിംഹാസനത്തില്‍ കയറി ഇരിപ്പുറപ്പിക്കുക എന്നുള്ളതല്ല നമ്മുടെ യാത്രയുടെ ലക്ഷ്യം. സമഗ്രമായ സമാജപരിവര്‍ത്തനത്തിലൂടെ മാത്രമേ പരംവൈഭവം നേടാനാവൂ. സംഘവും പരിവാര്‍ സംഘടനകളും ചേര്‍ന്ന്‌ ഈ ലക്ഷ്യംമുന്നില്‍ വച്ചുകൊണ്ട്‌ നിരന്തരമായി പ്രവര്‍ത്തിച്ചു മുന്നേറണം. സമഗ്രമായ സമാജപരിവര്‍ത്തനം സാക്ഷാത്കരിക്കപ്പെടുന്നത്‌ സമാജവും സംഘവും സമവ്യാപകമാവുമ്പോഴാണ്‌. ഇപ്പോഴത്തെ സര്‍സംഘചാലക്‌ സംഭാഷണമധ്യേ ഒരിക്കല്‍ – അന്നദ്ദേഹം സര്‍ക്കാര്യവാഹായിരുന്നു- പറയുകയുണ്ടായി. ഒരു തലമുറ നിരന്തരമായി പ്രവര്‍ത്തിച്ചാല്‍ മാത്രമേ നാം ഉദ്ദേശിക്കുന്ന സമാജപരിവര്‍ത്തനം സാക്ഷാത്കരിക്കാനാവൂ. ഇപ്പോള്‍ സംഭവിച്ചിട്ടുള്ള ചരിത്രവിജയത്തില്‍ ആഹ്ലാദിക്കാമെങ്കിലും അതിന്റെ ലഹരിയില്‍ പരംവൈഭവമെന്ന നമ്മുടെ ലക്ഷ്യം വിജയശാലിനിയായ സംഘപദ്ധതിയില്‍ക്കൂടി സാധിച്ചെടുക്കുക എന്ന ദൗത്യത്തില്‍ നിന്ന്‌ ഒരിക്കലും നമ്മുടെ ശ്രദ്ധ വ്യതിചലിച്ചുകൂടാ.

ഐതിഹാസികവും അപ്രതീക്ഷിതവുമായ വിജയം ഭാരതത്തെ ഒരു കൊടുംവിപത്തില്‍നിന്നും രക്ഷിച്ചു. “ഭാരതം മരിക്കുകയില്ല” എന്ന്‌ സ്വാമി വിവേകാനന്ദന്‍ പ്രവചിച്ചിരുന്നു. ഭാരതത്തിന്റെയും ലോകത്തിന്റെയും നിയതിയെ നിര്‍ണ്ണയിക്കുന്ന ജഗദീശ്വരന്‍ എല്ലാ ആപത്ഘട്ടങ്ങളിലും ഭാരതത്തിനുവണ്ട ഊര്‍ജ്ജം പ്രദാനം ചെയ്തിട്ടുണ്ട്‌. അതാണ്‌ ഇത്തവണയും സംഭവിച്ചത്‌. അവഗണിക്കാനാവാത്ത ഒരു വന്‍ശക്തി ഭാരതത്തില്‍ അധികാരത്തിലേറുന്നു എന്ന്‌ കണ്ടപ്പോള്‍ അമേരിക്കയും ചൈനയും പാകിസ്ഥാനും ബ്രിട്ടനും ശ്രീലങ്കയും എല്ലാം അഭിനന്ദനസന്ദേശവുമായി നരേന്ദ്രമോദിയെ സ്വാഗതം ചെയ്തിരിക്കുന്നു എന്നത്‌ ഇതിന്റെ തെളിവാണ്‌. ദുര്‍ബലമായിരുന്ന ഭാരതത്തെ ലോകം പുച്ഛിച്ചുതള്ളിയിരുന്നു. ഇപ്പോള്‍ അതേ ലോകം ഭാരതത്തിന്റെ നേര്‍ക്ക്‌ അഭിവാദനങ്ങളും ആശംസകളും അര്‍പ്പിക്കുകയാണ്‌.

ലോകരാഷ്ട്രങ്ങളുടെ സമീപനത്തില്‍ മാറ്റം വന്നത്‌ ശക്തമായ ഒരു ഭരണകൂടം ഇവിടെ നിലവില്‍വരുന്നു എന്നതുകൊണ്ടാണ്‌. ദുര്‍ബലന്‍ ഇന്നത്തെ ലോകക്രമത്തില്‍ സഹതാപംപോലും അര്‍ഹിക്കുന്നില്ല. അതാണ്‌ കഴിഞ്ഞ ഏതാനും വര്‍ഷമായി ചൈനയുടേയും പാകിസ്താന്റെയും ഒക്കെ നമ്മോടുള്ള പെരുമാറ്റത്തിലൂടെ പ്രകടമായത്‌. വേണ്ടത്‌ സുശീലത്തോടൊപ്പം അജയ്യമായ ശക്തിയും കൂടിയാണ്‌. ഒരു രാഷ്ട്രമെന്ന നിലയ്ക്ക്‌ അകത്തും പുറത്തും വിട്ടുവീഴ്ചയിലും പ്രീണനത്തിലും കൂടി അംഗീകാരം നേടാനാവുമെന്ന്‌ നാം വ്യാമോഹിച്ചു. സ്വാഭാവികമായും ആ നയം പരാജയപ്പെട്ടു. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യരാഷ്ട്രം ഏറ്റവും ശക്തമായ രാഷ്ട്രവും കൂടിയായിരിക്കുമെന്ന്‌ ലോകം പ്രതീക്ഷിക്കുന്നു.

സുനാമി എന്നുതന്നെ വിശേഷിപ്പിക്കാവുന്ന ഒരു മഹാതരംഗം ഭാരതത്തിലുടനീളം ആഞ്ഞടിച്ചതിന്റെ ഫലമാണ്‌ ഈ ചരിത്രവിജയം. ഇതേക്കുറിച്ച്‌ വ്യത്യസ്ത വ്യാഖ്യാനങ്ങളുണ്ട്‌. ഇത്‌ മോദി തരംഗമാണെന്ന്‌ പരക്കെ പറയപ്പെടുന്നു. മുരളീമനോഹര്‍ ജോഷിയെപ്പോലുള്ളവര്‍ ഇത്‌ ബിജെപി തരംഗമാണെന്നും അതിന്റെ മുകളില്‍ കയറി വിജയക്കൊടി പറപ്പിക്കുന്നത്‌ മോദിയാണെന്നും അഭിപ്രായപ്പെടുന്നു. രണ്ടും ഓരോതരത്തില്‍ സത്യം തന്നെയാണ്‌. പക്ഷെ മൗലികമായ സത്യം എന്തെന്ന്‌ അല്‍പംകൂടി ആഴത്തില്‍ പഠിക്കേണ്ടതാണ്‌. സുനാമിയായാലും തരംഗമായാലും അത്‌ ഉത്ഭവിക്കുന്നതും വ്യാപിക്കുന്നതും അവയ്ക്കാധാരമായി ഒരു മഹാസമുദ്രമുള്ളതുകൊണ്ടാണ്‌. കാറ്റ്‌ ആഞ്ഞടിക്കുമ്പോള്‍ കടലില്‍ തിരകള്‍ ഉയരും. കൊടുങ്കാറ്റാണെങ്കില്‍ സുനാമിയുമാകാം. ഈ തരംഗത്തിന്റെ അടിയില്‍ അതിനാധാരമായ സമുദ്രം യഥാര്‍ത്ഥത്തില്‍ ആര്‍എസ്സ്‌എസ്സാണ്‌. എല്ലാ വിവിധക്ഷേത്രങ്ങളും സംഘമാകുന്ന മഹാസമുദ്രത്തിലെ തരംഗങ്ങളാണ്‌. ബിജെപിയും അവയിലൊന്നാണ്‌. അതിന്‌ മീതെ ആഞ്ഞുവീശിയ കാറ്റാണ്‌ മോദിയുടെ പ്രഭാവം. ഇതെല്ലാം ചേര്‍ന്നപ്പോള്‍ രാജ്യത്തെ ആകമാനം പിടിച്ചുകുലുക്കിയ മഹാതരംഗമുണ്ടായി. അടിസ്ഥാനം സമുദ്രമാണ്‌. ശ്രീനാരായണഗുരുദേവന്റെ ദൈവദശകത്തിലെ രണ്ട്‌ ശ്ലോകങ്ങളാണ്‌ ഇവിടെ ഓര്‍മ്മവരുന്നത്‌.

ആഴിയും തിരയും കാറ്റും-
ആഴവുംപോലെ ഞങ്ങളും
മായയും നിന്‍മഹിമയും
നീയുമെന്നുള്ളിലാകണം

ആഴിയും തിരയും കാറ്റും ആഴവും പോലെ എന്ന വാക്കുകള്‍ ഇവിടെ അനുസ്മരിക്കാവുന്നതാണ്‌. അതുകൊണ്ടുതന്നെ ദശകത്തിലെ അവസാന ശ്ലോകവും ഇവിടെ പ്രസക്തമാവുന്നു.

ആഴമേറും നിന്‍മഹസ്സാ-
മാഴിയില്‍ ഞങ്ങളാകവേ
ആഴണം വാഴണം നിത്യം
വാഴണം വാഴണം സുഖം

സംഘമാകുന്ന സമുദ്രവും അതിലെ തരംഗവും എല്ലാം നമ്മുടെ ഉള്ളിലേക്ക്‌ നാം ആവാഹിച്ചെടുക്കണം. ഓരോ സ്വയംസേവകന്റെയും ഉളളില്‍ സംഘമുണ്ടാവണം. ഒരാള്‍ സംഘത്തിലുണ്ടായതുകൊണ്ട്‌ മാത്രം സംഘം അയാളുടെ ഉള്ളില്‍ വേരുറപ്പിച്ചു എന്നര്‍ത്ഥമില്ല. സംഘസന്ദേശം പൂര്‍ണ്ണമായി ഉള്‍ക്കൊണ്ടുകൊണ്ട്‌ അതിനെ ജീവിതത്തിന്റെ ഓരോ നിമിഷത്തിലും പ്രവൃത്തിയിലും സ്വാംശീകരിച്ചുകൊണ്ട്‌ മുന്നോട്ട്‌ പോകുമ്പോള്‍ മാത്രമേ ജീവിതം സംഘമയമായി എന്ന്‌ പറയാന്‍ പറ്റൂ. ഓരോ സ്വയംസേവകനും ആത്മപരിശോധന നടത്തേണ്ട കാര്യമാണിത്‌.

സംഘത്തിനകത്തുള്ളവര്‍ സംഘത്തെ ആഴത്തില്‍ അറിയുകയും അറിഞ്ഞിട്ടും പുറത്തുനില്‍ക്കുന്നവര്‍ സംഘത്തില്‍ വരുകയും ചെയ്യുമ്പോള്‍ അത്‌ സംഘവളര്‍ച്ചയെ പൂര്‍വ്വാധികം ത്വരിതപ്പെടുത്തും. സംഘവും സമാജവും സമവ്യാപ്തമാകുവാന്‍ അത്‌ വഴിതെളിക്കും. സംഘത്തിന്റെ സംഘടിതസ്വഭാവവും ദേശാഭിമാനവും രാഷ്ട്രഭക്തിയും കര്‍മ്മധീരതയും പ്രതിരോധശക്തിയും സമാജത്തിന്റെ സ്വാഭാവികഗുണമായി മാറും. അതുതന്നെയാണ്‌ രാഷ്ട്രത്തെ പരംവൈഭവത്തിലേക്കു നയിക്കുക എന്ന ലക്ഷ്യത്തിലേക്കുളള മാര്‍ഗം. സംഘസ്ഥാപകന്റെ ദൗത്യം പൂര്‍ത്തിയാക്കപ്പെടുന്നതും അതിലൂടെയാണ്‌. മഹത്തായ ആ ലക്ഷ്യത്തിലേക്ക്‌ മുന്നേറാനുള്ള കവാടത്തില്‍ എത്തി നില്‍ക്കുകയാണ്‌ നാം.

പി. പരമേശ്വരന്‍ (തിരുവനന്തപുരം പൂജപ്പുര മൈതാനിയില്‍ നടന്ന ആര്‍എസ്‌എസ്‌ മഹാനഗര്‍ സാംഘിക്കില്‍ നടത്തിയ പ്രഭാഷണം.)

Thursday, 22 May 2014

ജ്യൂസ്~ Ajith Neervilakan

കഴിഞ്ഞ ഒന്നരവര്‍ഷമായി ഞാന്‍ നെല്ലിക്ക, പച്ച മഞ്ഞള്‍, കറിവേപ്പില, ആര്യവേപ്പില എന്നിവ ജ്യൂസാക്കി കുടിക്കുന്നു.

നെല്ലിക്ക - വലത് 5 എണ്ണം

പച്ച മഞ്ഞള്‍ - 50 ഗ്രാം

കറിവേപ്പില - 10 ഇതള്‍

ആര്യവേപ്പില - 10 ഇതള്‍

ഉണ്ടാക്കുന്ന വിധം- നെല്ലിക്ക കുരുകളഞ്ഞു എടുക്കുക, അതിനു ശേഷം ബാക്കിയുള്ളവയും കൂടി ചേര്‍ത്ത് നിരക്കെ വെള്ളം ഒഴിച്ച് മിക്സിയില്‍ ഇട്ടു ഏതാണ്ട് 20 മിനിറ്റോളം അരയ്ക്കുക. പാത്രത്തില്‍ ആക്കിയശേഷം ആവിശ്യത്തിന് വെള്ളം ചേര്‍ത്ത് ഉപയോഗിക്കുക.

രാത്രി 11 മണിക്ക് കിടക്കാന്‍ ഉദ്ദേശിക്കുന്നവര്‍ അത്താഴം 8 മണിക്ക് കഴിക്കുക ശേഷം കിടക്കുന്നതിനു തൊട്ടുമുന്‍പ് ജ്യൂസ് കുടിക്കുക. അസാധാരണമായ ചവര്‍പ്പും, കയ്പ്പും ഉള്ളതിനാല്‍ ഒരു സ്ട്രോ ഉപയോഗിച്ചാല്‍ കൂടുതല്‍ വോമിറ്റിംഗ് ടെണ്ടന്‍സി ഒഴിവാക്കാം.

എനിക്ക് ഇതുമൂലം ഉണ്ടായ ഗുണങ്ങള്‍ - ഉയര്‍ന്ന രക്ത സമ്മര്‍ദ്ദം, കൊഴുപ്പ്, ഷുഗര്‍ എന്നിവ അതിസാധാരണമായി മാറി. ഫാറ്റി ലിവര്‍ ഉണ്ടായിരുന്നത് നോര്‍മ്മല്‍ ആയി. ത്വക്കില്‍ ഉണ്ടായിരുന്ന പലവിധത്തിലുള്ള കുരുക്കള്‍ തടിപ്പുകള്‍ എന്നിവ മാറി എന്നുമാത്രമല്ല ത്വക്ക് വളരെ മൃദുലവും, കറുത്ത നിറമുണ്ടായിരുന്ന എനിക്ക് അതില്‍ നിന്ന് ഒരുപാട് മാറ്റം ഉണ്ടാകുകയും ചെയ്തു. ഷേവ് ചെയ്യാന്‍ ക്രീം പോലും പുരട്ടെണ്ടാത്ത വിധം മുഖച്ചര്‍മ്മം മൃദുവായി മാറി. മലശോധന വളരെ നന്നായി. അമിതമായി ഉണ്ടായിരുന്ന അസിടിക്ക് പ്രോബ്ലം ഉണ്ടായിരുന്നത് ഇപ്പോള്‍ പൂര്‍ണമായും മാറിക്കിട്ടി. നല്ല ഉന്മേഷവും, ഊര്‍ജ്ജവും അനുഭവപ്പെടുനുണ്ട്. ഇത്രയും ഞാന്‍ അറിഞ്ഞു സംഭവിക്കുന്നത്. ഞാന്‍ അറിയാതെ എന്തൊക്കെ ഗുണഫലമായ മാറ്റങ്ങള്‍ ശരീരത്തിന്റെ ആന്തരികഭാഗങ്ങളില്‍ സംഭവിക്കുന്നു എന്ന് അറിയില്ല. അന്യന്യസാധാരണമായ കൈപ്പേറിയ ഈ ജ്യൂസ് എല്ലാവര്‍ക്കും കഴിക്കാന്‍ സാധിച്ചെക്കില്ല, പക്ഷെ കഴിക്കാന്‍ തയ്യാറായാല്‍ ഗുണം ഞാന്‍ ഉറപ്പ്തരുന്നു.

ഡോക്ടര്‍ ~Nandhu Nadh

ഒരു കുഞ്ഞിന് അടിയന്തിര ശസ്ത്രക്രിയ വേണമെന്ന ഫോണ് സന്ദേശം ലഭിച്ച ഉടന് ഡോക്ടര് ആശുപത്രിയില് പാഞ്ഞെത്തി. വസ്ത്രം മാറി നേരെ സര്ജറി ബ്ളോക്കിലേക്ക് നടന്നു.
വരാന്തയില് ഡോക്ടറെ കാത്ത് നില്പുണ്ടായിരുന്ന കുഞ്ഞിന്റെ അച്ചന് ഡോക്ടറോട് ശബ്ദമുയര്ത്തി ചോദിച്ചു : "എന്താണ് താങ്കള് ഇത്ര വൈകി വന്നത്? എന്റെ മകന് അത്യാസന്ന നിലയിലാണെന്ന് താങ്കള്ക്കറിയില്ലേ? താങ്കള്ക്ക് യാതൊരു ഉത്തരവാദിത്വബോധവുമില്ലേ?"
ഡോക്ടര് പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞു:
" ഐ ആം സോറി , ഞാന് ഹോസ്പിറ്റലില് ഉണ്ടായിരുന്നില്ല .എനിക്ക് ഇവിടെ നിന്ന് ഫോണ് സന്ദേശം ലഭിച്ച ഉടന് തന്നെ ഞാന് ഇവിടെ എത്തിയിട്ടുണ്ട്.
ഇനി താങ്കള് ശാന്തനായിരിക്കുക .എങ്കില് മാത്രമേ എനിക്കെന്റെ ജോലി ശരിയായി ചെയ്യാന് സാധിക്കുകയുള്ളൂ."
" ശാന്തനാവുകയോ...? താങ്കളുടെ മകനാണ് ഇപ്പോള് ഇതേ അവസ്ഥയിലെങ്കില് താങ്കള് നിശ്ശബ്ദനായിരിക്കുമോ....? താങ്കളുടെ മകന് ചികിത്സ കിട്ടാതെ മരിക്കുകയാണെങ്കില് എന്തായിരിക്കും അവസ്ഥ?" കുഞ്ഞിന്റെ അച്ചന് പൊട്ടിത്തെറിച്ചുകൊണ്ട് ചോദിച്ചു.
ഡോക്ടര് അപ്പോഴും പുഞ്ചിരിച്ചുകൊണ്ട് മറുപടി നല്കി :
പരിശുദ്ധ ഗ്രന്ഥത്തില് പറഞ്ഞൊരു കാര്യം;" മണ്ണില് നിന്നും വന്ന മണ്ണിലേക്ക് തന്നെ നമ്മുടെ മടക്കവും".. 'എല്ലാം ദൈവത്തിന്റെ പക്കലാണ്. ഡോക്ടര്മാര്ക്ക് ജീവിതം നീട്ടി നല്കാനുള്ള കഴിവില്ല. ആയതിനാല് താങ്കള് മകന്റെ രക്ഷക്ക് വേണ്ടി ദൈവത്തോട് പ്രാര്ത്ഥിക്കുക. ദൈവാനുഗ്രഹമുണ്ടെങ്കില് ഞങ്ങളുടെ എല്ലാ കഴിവുമുപയോഗിച്ച് താങ്കളുടെ മകന്റെ ജീവന് രക്ഷിക്കും.'
"സ്വന്തത്തെ ബാധിക്കാത്ത പ്രശ്നമാകുമ്പോള് മറ്റുള്ളവരെ ഉപദേശിക്കാന് വളരെ എളുപ്പമാണ്....."
കുട്ടിയുടെ അച്ചന് പിറുപിറുത്തു .
ഏതാനും മണിക്കൂറുകള്ക്ക് ശേഷം ശസ്ത്രക്രിയ കഴിഞ്ഞു ഡോക്ടര് ഓപറേഷന് തിയേറ്ററില് നിന്നും പുറത്തേക്കു വന്നു. അദ്ദേഹം വളരെ സന്തോക്ഷവാനായി കാണപ്പെട്ടു .
" ദൈവത്തിന് നന്ദി ..,താങ്കളുടെ മകന് രക്ഷപ്പെട്ടു ! ഓപറേഷന് വിജയകരമായിരിക്കുന്നു."
എന്നിട്ടദ്ദേഹം കുട്ടിയുടെ അച്ചന്റെ മറുപടിക്ക് കാത്ത് നില്ക്കാതെ വളരെ വേഗത്തില് അവിടെ നിന്നും പുറത്തേക്ക് ഓടിപ്പോയി. എന്തെങ്കിലും ചോദിക്കാനുണ്ടെങ്കില് നഴ്സിനോട് ചോദിച്ചാല് മതി എന്ന് പറഞ്ഞ് കൊണ്ട്.
'എന്താണ് ഡോക്ടര്ക്ക് ഇത്ര അഹങ്കാരം? എന്റെ മകന്റെ വിവരം ചോദിച്ചറിയാന് ഒന്നുരണ്ട് മിനുറ്റ് പോലും നില്ക്കാതെ അദ്ദേഹം ഓടിപ്പോയില്ലേ? ഒരു ഡോക്ടര്ക്ക് ഇത്ര ഗര്വ്വ് പാടുണ്ടോ? '
-ഡോക്ടര് പോയി സ്വല്പം കഴിഞ്ഞ് അവിടെയെത്തിയ നഴ്സ് കേള്ക്കും വിധം അദ്ദേഹം ദേഷ്യത്തോടെ പറഞ്ഞു.
നഴ്സിന്റെ കണ്ണില് നിന്നും കണ്ണുനീര് തുള്ളികള് താഴേക്കുറ്റി വീണു.അവര് അദ്ദേഹത്തോടായി പറഞ്ഞു:
"ഡോക്ടറുെട മകന് ഇന്നലെ ഒരു റോഡപകടത്തില് മരണപ്പെട്ടു. നിങ്ങളുടെ മകന്റെ അവസ്ഥ ഞങ്ങള് ഫോണിലൂടെ ഡോക്ടറെ അറിയിക്കുമ്പോള് അദ്ദേഹം തന്റെ മകന്റെ അന്ത്യകര്മ്മങ്ങള് നടത്തുന്ന തിരക്കിലായിരുന്നു. ഇപ്പോള് അദ്ദേഹം താങ്കളുടെ മകന്റെ ജീവന് രക്ഷിച്ചു .
അദ്ദേഹം താന് ബാക്കിവെച്ചുപോന്ന അന്ത്യകര്മ്മങ്ങള് പൂര്ത്തിയാക്കാന് ധൃതിപ്പെട്ടു ഓടുകയാണ് ."

Tuesday, 20 May 2014

ഹിന്ദു ക്ഷേത്ര പൂജാരിയും ദക്ഷിണയും

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഭരണം - രാജഭരണകാലത്തും ശേഷവും

കൊല്ലവര്‍ഷം 927 അതായത് എ.ഡി 1812 വരെ ഹിന്ദു ക്ഷേത്രങ്ങളുടെ ഭരണം അതാത് ദേവസ്വങ്ങളുടെ കീഴില്‍ ഹിന്ദുക്കള്‍ തന്നെ നടത്തിയിരുന്നു. ആ സമയത്താണ് മണ്‍റോ സായിപ്പ് റസിഡന്റായി വരുന്നത്. അന്നത്തെ "രാജ്ഞി" ലക്ഷ്മീ റാണി മൈനറായിരുന്നത് കൊണ്ട് അവരെ ഭരണകാര്യങ്ങളില്‍ സഹായിക്കാന്‍ മണ്‍റോയെ ദിവാന്‍‌ജി ആയി നിയമിച്ചു. അദേഹത്തിന്റെ ഉപദേശപ്രകാരം 378 അമ്പലങ്ങളും അവയുടെ സ്വത്തായ 65,000 ഏക്കര്‍ പുരയിടങ്ങളും 60 ലക്ഷപ്പറ നിലം ഇവയെല്ലാം കൂടി സര്‍ക്കാരിലേക്കെടുത്തു. അതിനു ശേഷം 1123 മൈനര്‍ ക്ഷേത്രങ്ങള്‍ കൂടി സര്‍ക്കാര്‍ ഏറ്റെടുത്തു.

മേല്പ്പറഞ്ഞ അമ്പലങ്ങള്‍ സര്‍ക്കാര്‍ അധീനതയില്‍ ആയതില്‍ പിന്നെ അവിടെ ശരിയായ രീതിയില്‍ പൂജകളോ കര്‍മ്മങ്ങളോ നടന്നിരുന്നില്ല. ഉടമസ്ഥന്മാര്‍ക്കു യാതൊരു അധികാരവും ഇല്ലാതായി. അവരുടെ അഭിപ്രായത്തെ അവഗണിച്ചു. ഇടിഞ്ഞു പൊളിഞ്ഞു കിടന്ന ക്ഷേത്രങ്ങള്‍ക്കായി ഒന്നും സര്‍ക്കാര്‍ ചെയ്തില്ല.ക്ഷേത്രക്കുളങ്ങള്‍ നന്നാക്കിയില്ല. പല്‍സ് ക്ഷേത്രങ്ങളും നാമാവശേഷമായി. കിഴക്കേ മലയോരത്തുണ്ടായിരുന്ന ക്ഷേത്രങ്ങളില്‍ ഭൂരിഭാഗവും മണ്ണിനടിയിലായി. അവയുടെ സ്വത്ത് മുഴുവനും അഹിന്ദുക്കളുടെ കൈവശമായി.

ഇരുപതാം നൂറ്റാണ്ട് ആയപ്പോള്‍ കൃസ്ത്യന്‍ സ്കൂളുകള്‍ക്കും മിഷണറി പ്രവര്‍ത്തനങ്ങളിക്കും ധാരാളം സഹായങ്ങള്‍ തിരുവിതാംകൂര്‍ രാജാവില്‍ നിന്നുണ്ടായി. തീര്‍ച്ചയായും അത് ബ്രിട്ടീഷുകാരെ സന്തോഷിപ്പിക്കാന്‍ തന്നെയാണ്‍. പത്മനാഭ സ്വാമിക്ഷേത്രത്തിനു സമീപം തന്നെ സ്കൂളു തുടങ്ങി.

(തിരുവിതാംകൂറില്‍) വിദേശികളായ ഒരു കൂട്ടം ബ്രാഹ്മണരുടെ വിളനിലങ്ങളായി മാറി ഈ ദേവസ്വം. നമസ്കാര ചോറും പലഹാരങ്ങളും ഉള്‍പ്പെടെ എല്ലാം കയ്യടക്കിയ, വിധിപ്രകാരം പൂജ ചെയ്യാനറിയാത്ത, മലയാളഭാഷ എഴുതുവാനും വായിക്കാനും അറിയാത്ത ഈ ബ്രാഹ്മണര്‍ ഒരു കാലത്ത് ദേവസ്വം ഉടമസ്ഥരായിരുന്ന നായന്മാരെ ദേവസ്വത്തില്‍ നിന്ന് അകറ്റി നിര്‍ത്തി. തീര്‍ത്ഥവും പ്രസാദവും പട്ടിക്ക് എച്ചില്‍ എന്ന പോലെ എറിഞ്ഞു കൊടുത്തു. (പല അമ്പലങ്ങളിലും ഇപ്പോഴും ഇങ്ങനെ തന്നെ). അബ്രാഹ്മണര്‍ക്ക് അമ്പലങ്ങളില്‍ മണി അടിക്കാന്‍ പാടില്ല, മണ്ഡപത്തില്‍ പ്രവേശിക്കാന്‍ പാടില്ല, ഊട്ടുപുരയില്‍ ചോറില്ല അങ്ങനെ നിരവധി വിലക്കുകള്‍.

മറ്റൊരു ആരോപണമാണ് ദേവസ്വം ഡിപ്പര്‍ട്ട്മെന്റിലെ ബ്രാഹ്മണമേധാവിത്വം. അവിടെയും നായന്മാര്‍ തഴയപ്പെട്ടു. ഭൂരിപക്ഷം ഉദ്യോഗസ്ഥരും ബ്രാഹ്മണന്മാരായി. ആണ്ടു തോറും 25 ലക്ഷം ചിലവു ചെയ്യുന്ന (1936-ലെ കണക്കാണ്) ദേവസ്വം ബോര്‍ഡ് ഒരു കമ്മീഷണറുടെ ഇഷ്ടത്തിനാണ് അന്നും നടന്നിരുന്നത്. ധര്‍മ്മക്കഞ്ഞിക്കു ചിലവാക്കുന്ന സംഖ്യ ശ്രീമൂലം ഷഷ്ട്യാബ്ദപൂര്‍ത്തി സ്മാരക ഹിന്ദുമഹിളാമന്ദിരത്തിനു കൊടുക്കാതെ കണ്ണമ്മൂല കൃസ്ത്യന്‍ മിഷനു കൊടുത്തു എന്നും പറയുന്നു. 1925-ല്‍ ദിവാന്‍ജിയെ ദേവസ്വം ഭരണത്തില്‍ നിന്ന് എടുത്തു കളഞ്ഞെങ്കിലും 1932 ആയപ്പോള്‍ വീണ്ടും ദിവാനു ഭരണ ചുമതല നല്‍കി. ദിവാന്‍‌ജിയുടെ ഭരണത്തില്‍ നായന്മാര്‍ക്കു എല്ലാ അധികാരങ്ങളും നഷ്ടമായി.

ഇതൊക്കെയാണ് 1936 വരെയുള്ള കാര്യങ്ങള്‍. 
അതുവരെ അവര്‍ണ്ണഹിന്ദുക്കള്‍ക്ക് ഈ ക്ഷേത്രങ്ങളില്‍ പ്രവേശനം ഇല്ലായിരുന്നു എന്നത് മറ്റൊരു കാര്യം. തര്‍ക്കങ്ങളും ഈ സവര്‍ണ്ണ മേധാവിത്വവുമൊക്കെ പറയുന്നത് നായരും അതിന് മുകളിലുള്ളവരും തമ്മില്‍ ആയിരുന്നു എന്നോര്‍ക്കുക. 1936 നവംബറിലാണ് മഹാത്മാഗാന്ധി ഉള്‍പ്പെടെയുള്ളവരുടെ സമ്മര്‍ദ്ദത്തിനും പല സമരത്തിനുമൊടുവില്‍ പ്രസിദ്ധമായ ക്ഷേത്രപ്രവേശനവിളംബരം ഉണ്ടാകുന്നത്.
വിളംബരത്തിന്റെ പൂർണ്ണരൂപം



“ശ്രീപദ്മനാഭദാസ വഞ്ചിപാല സർ രാമവർമകുലശേഖര കിരീടപതിമന്നേ സുൽത്താൻ മഹാരാജ രാമരാജ ബഹദൂർ ഷംഷെർ ജംഗ്, നൈറ്റ് ഗ്രാൻ‌ഡ് കമാൻഡർ ഓഫ് ദ് ഇന്ത്യൻ എം‌പയർ, തിരുവതാംകൂർ മഹാരാജാവു തിരുമനസ്സുകൊണ്ട് 1936-നു 12-നുക്കു ശരിയായ 1112 തുലാം 12-ന് പ്രസിദ്ധപ്പെടുത്തുന്ന വിളംബരം: 

“നമ്മുടെ മതത്തിന്റെ പരമാർത്ഥതയും സുപ്രമാണതയും ഗാഢമായി ബോദ്ധ്യപ്പെട്ടും ആയതു ദൈവികമായ അനുശാസനത്തിലും സർവവ്യാപകമായ സഹിഷ്ണുതയിലുമാണ് അടിയുറച്ചിരിക്കുന്നതെന്നു വിശ്വസിച്ചും, അതിന്റെ പ്രവർത്തനത്തിൽ അതു ശതവർഷങ്ങളായി കാലപരിവർത്തനത്തിന് അനുയോജിച്ചു പോന്നുവെന്നു ധരിച്ചും, നമ്മുടെ ഹിന്ദുപ്രജകളിൽ ആർക്കും തന്നെ അവരുടെ ജനനമോ ജാതിയോ സമുദായമോ കാരണം ഹിന്ദുമത വിശ്വാസത്തിന്റെ ശാന്തിയും സാന്ത്വനവും നിഷേധിക്കപ്പെടാൻ പാടില്ലെന്നുള്ള ഉത്കണ്ഠയാലും നാം തീരുമാനിക്കുകയും ഇതിനാൽ പ്രഖ്യാപനം ചെയ്യുകയും നിയോഗിക്കുകയും ആജ്ഞാപിക്കുകയും ചെയ്യുന്നതെന്തെന്നാൽ, സമുചിതമായ പരിതസ്ഥിതികൾ പരിരക്ഷിക്കുന്നതിനും ക്രിയാപദ്ധതികളും ആചാരങ്ങളും വച്ചുനടത്തുന്നതിനും നാം നിശ്ചിയിക്കുകയും ചുമത്തുകയും ചെയ്യാവുന്ന നിയമങ്ങൾക്കും നിബന്ധനകൾക്കും വിധേയമായി, ജനനാലോ മതവിശ്വാസത്താലോ ഹിന്ദുവായ യാതൊരാൾക്കും നമ്മുടെയും ഗവൺ‌മെന്റിന്റെയും നിയന്ത്രണത്തിലുള്ള ക്ഷേത്രങ്ങളിൽ പ്രവേശിക്കുന്നതിനോ ആരാധന നടത്തുന്നതിനോ ഇനിമേൽ യാതൊരു നിരോധനവും ഉണ്ടായിരിക്കാൻ പാടില്ലെന്നാകുന്നു”



അതിനു ശേഷം മാത്രമാണ് അവര്‍ണ്ണരെന്നു പറയപ്പെടുന്ന താഴ്ന്ന ജാതി ഹിന്ദുക്കള്‍ക്ക് ദേവസ്വം വക ക്ഷേത്രങ്ങളിലെങ്കിലും പ്രവേശിക്കാനായത്. ഇങ്ങനെയൊക്കെയാണ് പ്രജാക്ഷേമ തല്പരരായ തിരുവിതാംകൂര്‍ രാജാക്കന്മാര്‍ നായന്മാര്‍ ഉള്‍പ്പെടെയുള്ള ഹിന്ദുക്കളെ പരിപോക്ഷിപ്പിച്ചിരുന്നത്. ചുരുക്കി പറഞ്ഞാല്‍ തിരുവിതാം‌കൂര്‍ ഗവണ്മെന്റിന്റെ ഒന്നര നൂറ്റാണ്ടോളം നീളുന്ന ദേവസ്വം ഭരണം കൊണ്ട് ഹിന്ദുസമുദായം ക്ഷയിച്ചു, നാട്ടിലെ നമ്പ്പൂതിരി സമൂഹം ക്ഷയിച്ചു, പകരം പരദേശബ്രാഹ്മണര്‍ കുബേരന്മാരായി തീര്‍ന്നു.


ഇങ്ങനെ പലവിധത്തില്‍ നശിച്ചതും മണ്ണിനടിയിലായതും കഴിച്ചുള്ള, ക്ഷയിച്ച ക്ഷേത്രങ്ങള്‍ ഉള്‍പ്പെടെയുള്ള 1194 ക്ഷേത്രങ്ങളാണ് തിരുകൊച്ചി സംസ്ഥാനം രൂപം കൊണ്ടപ്പോള്‍ തിരുവിതാംകൂര്‍ കൊച്ചി ഹിന്ദു മതസ്ഥാപന ആക്റ്റ് (1950) പ്രകാരം സര്‍ക്കാര്‍ നിയന്ത്രണങ്ങളിലേക്കു വന്നതും തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡിന്റെ കീഴിലേക്ക് മാറ്റപ്പെട്ടതും. (പിന്നീട് ചില ക്ഷേത്രങ്ങള്‍ കൂടി ഇതിലേക്ക് കൂട്ടി ചേര്‍ത്തിട്ടുണ്ട്). അതായത് അന്നു വരെ തിരുവിതാംകൂര്‍ രാജവംശത്തിന്റെ നിയന്ത്രണത്തില്‍ ഉണ്ടായിരുന്ന ക്ഷേത്രങ്ങളാണ് ഇന്ത്യ എന്ന രാജ്യത്തിന് തത്വത്തില്‍ കൈമാറിയതെന്നര്‍ത്ഥം. അവയുടെ പുനരുദ്ധാരണം, റോഡ് നിര്‍മ്മാണം, അനുബന്ധ സൗകര്യങ്ങളൊരുക്കല്‍ തുടങ്ങിയ പല കാര്യങ്ങള്‍ക്കും സര്‍ക്കാര്‍ ഖജനാവിലെ പണം ചെലവായിട്ടുണ്ടെന്നതും വസ്തുതയാണ്.

ഇതൊന്നും അറിയാതെ അമ്പലങ്ങളെല്ലാം സര്‍ക്കാര്‍ കയ്യടക്കി വച്ചിരിക്കുന്നുവെന്നും വരുമാനം എല്ലാം സര്‍ക്കാര്‍ ഖജനാവിലേക്ക് പോകുന്നു എന്നും മുറവിളി കൂട്ടുന്നവര്‍ ഇതൊക്കെ മനസ്സിലാക്കിയാല്‍ നന്ന്. ഇന്ന് വരുമാനം ഉള്ള അമ്പലങ്ങള്‍ ഒന്നര നൂറ്റാണ്ടോളം കയ്യടക്കി വച്ചിരുന്നത് തിരുവിതാംകൂര്‍ രാജവശത്തിന്റെ അധീനതയിലുള്ള ദേവസ്വം ബോര്‍ഡാണ്. ആ ബോര്‍ഡ് രൂപ്പീകരിക്കുമ്പോള്‍ ഉണ്ടായിരുന്ന ഭൂസ്വത്തൊക്കെ അന്യാധീനപ്പെടാന്‍ കാരണം ബ്രിട്ടീഷുകാരാടുള്ള വിധേയത്വവും കെടുകാര്യസ്ഥതയുമാണ്.


1112 തുലാമാസത്തില്‍ (1936 നവമ്പര്‍) സര്‍ സി പി-യെ കാണാന്‍ പോയ നായര്‍ വിജിലന്‍സ് കമ്മറ്റിയോട് അദ്ദേഹം പറഞ്ഞത് ഇപ്രകാരമാണ്

"പടയാളികളായ നിങ്ങള്‍ കൂലിക്കു വേണ്ടിയല്ല, രാജ്യത്തിനും രാജാവിനും വേണ്ടിയാണ് പ്രവര്‍ത്തിക്കുന്നത്. ആത്മസം‌യമനവും ശിക്ഷണവുമുള്ള സമുദായത്തിന് രാഷ്ട്രീയമായ വിജയമുണ്ടാകും. നായന്മാര്‍ പട്ടാളങ്ങളുടെ നായകന്മാര്‍ എന്ന നിലയില്‍ സൈനീക പാരമ്പര്യമുള്ളവരാകുന്നു. ആ പാരമ്പര്യം ദ്യോതിപ്പിക്കുന്നത് രാജഭക്തിയും ജീവിതത്തില്‍ ശിക്ഷണവുമാകുന്നു. ഈ ഡപ്യുട്ടേഷന്റെ ഫലമായോ ഗവണ്മെന്റിന്റെ പ്രവൃത്തിയുടെ ഫലമായോ എന്തു സംഭവിച്ചാലും നിങ്ങള്‍ നിസഹകരണം ഭാവിക്കാതെ നിങ്ങളുടെ ഭരണാധികാരിയുടെ ഭാഗത്ത് നില്‍ക്കണമെന്നുള്ള കാര്യം വിസ്മരിക്കയില്ലെന്നു ഞാന്‍ വിശ്വസിക്കുന്നു"

അതിനു ശേഷം ഇരുപത് ദിവസത്തിനകം ക്ഷേത്രപ്രവേശനവിളംബരം ഉണ്ടാകുന്നു. അന്ന് സര്‍ സി പി പറഞ്ഞ വാക്കുകള്‍ ഇപ്പോഴും അനുസരിക്കുന്നവരാണ് തിരുവിതാംകൂറിലെ ഒരു വിഭാഗം നായര്‍ തറവാട്ടുകാര്‍. അവര്‍ക്ക് ഇപ്പോഴും പൊന്നു തമ്പുരാന്‍ കഴിഞ്ഞേ എന്തും ഉള്ളൂ.


അനുബന്ധം 1: 
മണ്‍റോ സായിപ്പിന്റെ കാലത്താണ് കല്ലടയിലെ തുരുത്ത് മിഷണറി സംഘത്തിന് വിട്ടുകൊടുക്കുകയും അത് പിന്നീട് മണ്‍‌റോ തുരുത്താകുകയും ചെയ്തത്. അതേ കാലഘട്ടത്തിലാണ് പൂഞ്ഞാര്‍ കൊട്ടാരത്തില്‍ നിന്ന് മൂന്നാര്‍ കുന്നുകള്‍ മണ്‍റോ കൈക്കലാക്കുന്നതും ടര്‍ണറും ഷാര്‍പ്പും ഒക്കെ തെയിലത്തോട്ടം ഉണ്ടാക്കുന്നതും. കണ്ണന്‍ ദേവന്‍ കമ്പനിയും സ്വാതന്ത്ര്യത്തിനു ശേഷം പിന്നീടത് ടാറ്റാ- ഫിന്‍ലേ കമ്പനിക്ക് കൈമാറിയതും അതിനു ശേഷം നടന്നതുമൊക്കെ ചരിത്രം. 1,36,600 ഏക്കര്‍ സ്ഥലം ഇന്ന് ചുരുങ്ങിയത് ഒരു പതിനായിരം കോടി രൂപ മതിപ്പു വില കാണുമെന്ന് കരുതാം. അതും പൊതുസ്വത്ത് എന്ന പരിധിയില്‍ വരേണ്ടതായിരുന്നു.

അനുബന്ധം 2: 
മറ്റു പാര്‍ട്ടികള്‍ ക്രിസ്ത്യന്‍ മിഷണറികള്‍ക്ക് അതിരു വിട്ട സഹായം ചെയ്യുന്നു എന്നു പറഞ്ഞ് കരയുകയും അതേ സമയം പൊന്നു തമ്പുരാനെ സ്രാഷ്ടാംഗം പ്രണമിക്കുകയും ചെയ്യുന്ന സംഘപരിവാര്‍ ശക്തികള്‍ ഏറ്റവും കൂടുതല്‍ കൃസ്ത്യന്‍ പ്രീണനം നടന്നത് 1812 മുതലിങ്ങോട്ട് രാജഭരണത്തിന്റെ അവസാനം വരെയാണെന്നുള്ള വസ്തുതകള്‍ മറക്കുന്നു.

അനുബന്ധം 3: 
1936-നു മുമ്പ് അധ:കൃതരായ ഹിന്ദുക്കള്‍ ജാതീയമായ വേര്‍‌തിരിവ് മൂലവും അയിത്തം പോലെയുള്ള ദുരാചാരങ്ങള്‍ മൂലവും പൊതു സമൂഹത്തില്‍ നിന്ന് തഴയപ്പെട്ടത് മുതലെടുത്ത് കൃസ്ത്യന്‍ മിഷണറിമാരും മുസ്ലിം സമുദായവും അവരെ മതം മാറ്റിയിട്ടുണ്ടെങ്കില്‍ അതിന്റെ മുഴുവന്‍ ഉത്തരവാദിത്വവും അന്നത്തെ സവര്‍ണ്ണമേധാവിത്വത്തിനും ഭരണകര്‍ത്താക്കളും തന്നെയല്ലേ?


വിവരങ്ങള്‍ക്ക് അവലംബം: ദേവസ്വം ഭരണവും ഹിന്ദുമതവും; ആറ്റുങ്ങല്‍ കെ ഗോപാലന്‍ നായര്‍ (1936-37-ല്‍ പ്രസിദ്ധീകരിച്ചത്) 
ചില വിവരങ്ങള്‍ക്ക് കടപ്പാട് : ബാബുരാജ് ഭഗവതി , അനില്‍ശ്രീ (ബ്ലോഗില്‍ നിന്ന്)
സാങ്കേതികമായി തെറ്റുണ്ടെങ്കില്‍ പറയുക. തിരുത്തുന്നതായിരിക്കും.