Wednesday, 11 June 2014

ഭാരതീയതയുടെ മഹത്വവും ത്യാഗത്തിന്റെ ഔന്നത്യവും

(ഈ കഥയ്ക്ക്‌ ജീവിച്ചിരിക്കുന്ന ആരെങ്കിലുമായി സാദൃശ്യമുണ്ടെങ്കിൽ അത്‌ സ്വാഭാവികം മാത്രം)

കുറെ പഴക്കമുള്ള ഒരു കഥയാണു. കൃത്യമായി പറഞ്ഞാൽ 1626ൽ. മഹാരഷ്ട്രയിലെ ഒരു ഉൾഗ്രാമം. 17-18 വയസ്സായുള്ള ഒരു യുവാവിന്റെ കല്യാണപ്പന്തലാണു രംഗം. വിവാഹത്തിനു തയാറല്ലാതിരുന്ന വരൻ അമ്മയുടെയും മറ്റു ബന്ധുക്കളുടെയും നിർബന്ധത്തിനു വശംവദനായി വിഷണ്ണനായി ഇരിക്കുന്നു തൊട്ടു മുൻപിൽ ഒരു നേരിയ തിരശീലയ്ക്കപ്പുറം (മറാത്താ ആചാരം) കൗമാരക്കാരിയായ പ്രതിശ്രുത വധുവും. വാദ്യങ്ങൾ മുറുകി ഉയരുന്നതിനിടയിൽ പുരോഹിതന്റെ ഉച്ചത്തിലുള്ള ആ ശബ്ദം അവൻ കേട്ടു. "സാവധാൻ" (കല്യാണ മുഹൂർത്തത്തിൽ 'ശ്രദ്ധിക്കുക' എന്നു പറയുന്ന സമ്പ്രദായമുണ്ട്‌). അത്‌ തനിക്കുള്ള മുന്നറിയിപ്പായാണു ആ യുവാവിനു തോന്നിയത്‌. 

ആധ്യാത്മികതയുടെ വഴിയിൽ സമാജ സേവനം ചെയ്യണം എന്ന് ചെറുപ്പത്തിലെ നിശ്ചയിച്ചുർപിച്ചിരുന്ന അവൻ പിന്നെ മുൻപിൻ നോക്കിയില്ല. അമ്മയുടെ കണ്ണുനീരോ, തൊട്ടടുത്ത നിമിഷം തന്റെ കഴുത്തിൽ വീഴാൻ പോകുന്ന താലിച്ചരടിനെ മാത്രം സ്വപ്നം കണ്ടിരുന്ന പെൺകുട്ടിയുടെ പ്രതീക്ഷാനിർഭരമായ മിഴിയിതളുകളോ ഒന്നും അവനെ തടഞ്ഞില്ല. കല്യാണ വേഷത്തിൽ തന്നെ അവൻ എഴുന്നേറ്റ്‌ അവിടെ നിന്ന് എന്നെന്നേക്കുമായി ഓടി മറഞ്ഞു... നോക്കെത്താത്ത ദൂരത്ത്‌ കൊടുംകാട്ടിലേക്ക്‌... ദീർഗ്ഘമായ തപസ്സിന്റെയും തീവ്രമായ പരിശീലനത്തിന്റേയും നാളുകളായിരുന്നു പിന്നെ.. നാളുകൾക്ക്‌ ശേഷം ആ യുവാവിനെ ലോകം കാണുന്നത്‌ ആധ്യാത്മികതയുടെയും കർമ്മധീരതയുടെയും ജ്വലിക്കുന്ന പ്രതിരൂപമായാണു. അദ്ദേഹം ഭാരതത്തിന്റെ ഭാഗധേയം തിരുത്തി... 1674ൽ മുഗള ധിക്കാരത്തിന്റെ അന്ത്യം കുറിച്ചുകൊണ്ടുള്ള ഹിന്ദു സാമ്രാജ്യത്തിന്റെ സ്ഥാപനത്തിനു കാരണഭൂതനായി. അദ്ദേഹമാണു ഛത്രപതി ശിവജിയുടെ ഗുരുനാഥനായ സമർത്ഥ രാമദാസ്‌.... 

ഭാരതീയതയുടെ മഹത്വവും ത്യാഗത്തിന്റെ ഔന്നത്യവും മനസ്സിലാക്കാൻ ആവാത്തവർക്ക്‌ സമർത്ഥ രാമദാസ്‌ ചെയ്തത്‌ ഉൾക്കൊള്ളാൻ വിഷമമുണ്ടാവും. സാരമില്ല പ്രാർത്ഥിക്കൂ അടുത്ത ജന്മത്തിലെങ്കിലും അതിനുള്ള ഭാഗ്യമുണ്ടാവാൻ...

No comments:

Post a Comment